കടുവയെ കൊന്നത് ദേശീയ ഏജന്‍സി അന്വേഷിക്കും

നേരത്തെ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവുമായി വയനാട് പ്രകൃതി സംരക്ഷണസമിതി രംഗത്തു വന്നിരുന്നു. ദേശീയമൃഗമായ കടുവയെ ആള്‍ക്കൂട്ടത്തിനു മുന്നില്‍ വെച്ച് വെടിവെച്ചുകൊന്നത് ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ നാണം കെടുത്തിയിരിക്കുകയാണ്.
വയനാട് ജില്ലയെ കടുവസംരക്ഷണകേന്ദ്രമായി പ്രഖ്യാപിക്കാന്‍ പോകുന്നുവെന്നും ജനങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകേണ്ടിവരുമെന്നും സംഘടിതമായ വ്യാജപ്രചാരണം ജില്ലയിലാകെ കുറേനാളായി കത്തിനില്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ ഇതിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കാന്‍ ശ്രമിച്ചില്ല. ഇത് തല്‍പ്പരകക്ഷികള്‍ മുതലെടുത്തു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരെല്ലാം കടുവാപ്രശ്‌നത്തിന്റെ പേരില്‍ ക്രിമിനലുകളുടേയും സാമൂഹ്യവിരുദ്ധരുടേയും മര്‍ദ്ദനത്തിനിരയായി. കടുവ വളര്‍ത്തമൃഗങ്ങളെ പിടിച്ച വാര്‍ത്ത പുറത്തുവന്നതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമായി. ദേശീയപാത ഉപരോധിക്കപ്പെട്ടു. ഹര്‍ത്താലുകള്‍ നടന്നു. എന്നാല്‍ നിയമവ്യവസ്ഥ പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ ഒന്നും ചെയ്തില്ല. വനം വകുപ്പിന്റെ ക്രൈസിസ് മാനേജ്‌മെന്റ് ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് വേണ്ട സഹായം വനംവകുപ്പിന് ലഭിച്ചതുമില്ല. വകുപ്പുകളുടെ ഏകോപനവും സാധ്യമായില്ല. കടുവയെ മയക്കുവെടി വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ജനക്കൂട്ടം ഇരച്ചുകയറുകയായിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ കടുവയെ വെടിവെച്ചുകൊല്ലുന്നത് ഒഴിവാക്കാമായിരുന്നു. കടുവ കൊല ചെയ്യപ്പെട്ടതിനെയും അതിനിടയാക്കിയ സാഹചര്യത്തെയും അതിനു പിന്നിലെ ആസൂത്രിതമായ ഗൂഢാലോചനയെയും കുറിച്ച് ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയവും മുന്‍കൈയെടുത്ത് കേന്ദ്ര ഏജന്‍സിയെകൊണ്ട് അടിയന്തിരമായി അന്വേഷിപ്പിക്കണമെന്ന് സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വയനാട്ടിലെ പ്രകൃതിദത്ത വനങ്ങള്‍ വന്‍തോതില്‍ വെട്ടിനശിപ്പിക്കപ്പെടുന്നുണ്ട്. വന്യജീവി സങ്കേതകേന്ദ്രത്തിലെ ജനവാസകേന്ദ്രങ്ങള്‍ പുനരധിവസിപ്പിക്കണമെന്നത് വളരെ കാലമായുള്ള ആവശ്യമാണ്. അതിനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. വനനശീകരണത്തിന്റെ ഫലമായി വയനാട്ടില്‍ വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. അത് ഇനിയുമുണ്ടാവും. ആ ഘട്ടങ്ങളിലെല്ലാം വന്യജീവികളെ വെടിവെച്ച്‌കൊന്ന് പ്രശ്‌നം പരിഹരിക്കുകയെന്നത് ശരിയല്ലന്നും ഇവര്‍ പറഞ്ഞു. സമിതി പ്രസിഡന്റ് എന്‍ ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, എം ഗംഗാധരന്‍, സത്യന്‍ മേപ്പയൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications