രാജ്യസഭയില്‍ സര്‍ക്കാരിന് മായാവിജയം

'ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തെ ഈ സഭ അംഗീകരിക്കുന്നില്ല' എന്ന ഒറ്റ വരി പ്രമേയത്തിന് 12 അംഗങ്ങളാണ് രാജ്യസഭയില്‍ നോട്ടിസ് നല്‍കിയത്.
വിദേശനിക്ഷേപത്തെ എതിര്‍ക്കുകയും അതേസമയം ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തുകൊണ്ട് ബിഎസ്പി നടത്തിയ മായാജാലമാണ് സര്‍ക്കാരിന് തുണയായത്. വിദേശ നിക്ഷേപത്തില്‍ വ്യാഴാഴ്ച ചര്‍ച്ച ആരംഭിച്ചതോടെ പറഞ്ഞതെല്ലാം വിഴുങ്ങി സര്‍ക്കാറിനുള്ള പിന്തുണ മായാവതി തുറന്നു പ്രഖ്യാപിച്ചിരുന്നു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സഭയില്‍ നിന്നും ഇറങ്ങിപ്പോയി സമാജ് വാദി പാര്‍ട്ടിയും സര്‍ക്കാരിനോടുള്ള കൂറ് തെളിയിച്ചതോടെ യുപിഎയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.
ഈഡന്‍ ഗാര്‍ഡനില്‍ ടെസ്റ്റ് മത്സരം കളിയ്ക്കുന്ന ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒഴികെ നാമനിര്‍ദേശം ചെയ്ത എല്ലാ അംഗങ്ങളും വോട്ട് ചെയ്തു. രോഗശയ്യയിലായിരുന്ന എന്‍സിപി അംഗം ജനാര്‍ദന്‍ വാഗ്മറെ ആംബുലന്‍സില്‍ എത്തിച്ചു വോട്ട് രേഖപ്പെടുത്താനും ഭരണമുന്നണി ശ്രദ്ധിച്ചിരുന്നു.
എഐഎഡിഎംകെ എംപി ബി മൈത്രേയനാണ് ഒറ്റവരി പ്രമേയം രാജ്യസഭയില്‍ കൊണ്ടുവന്നത്. മന്ത്രി അശ്വനി കുമാര്‍, പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ് ലി, സീതാറാം യെച്ചൂരി, എന്‍.കെ. സിങ്, ഡെറിക് ഒബ്രയാന്‍, നരേഷ് അഗര്‍വാള്‍, തിരുച്ചി ശിവ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
ഇതേ വിഷയത്തില്‍ കഴിഞ്ഞ ദിവസം ബിജെപി ലോക്‌സഭയില്‍ കൊണ്ടു വന്ന പ്രമേയം പരാജയപ്പെട്ടിരുന്നു. സമാജ്‌വാദിപാര്‍ട്ടിയും ബി.എസ്.പി.യും ഇറങ്ങിപ്പോയതോടെ അംഗബലം 471 ആയി ചുരുങ്ങിയ ലോകസഭയില്‍, കഴിഞ്ഞദിവസം 218 നെതിരെ 253 വോട്ടിനാണ് വിദേശനിക്ഷേപത്തിനെതിരായ പ്രതിക്ഷപ്രമേയം തള്ളിയത്.












Click it and Unblock the Notifications