കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഇറക്കുമതിക്ക് 73 ശതമാനം ലങ്കന്‍ നികുതി

Google Oneindia Malayalam News

Srilanka
ഇന്ത്യന്‍ കമ്പനിയായ ജിഎംആറില്‍ നിന്നും വിമാനത്താവളം പിടിച്ചെടുത്ത മാലിദ്വീപിനു പിറകെ ശ്രീലങ്കയും ഇന്ത്യാവിരുദ്ധ നടപടിയുമായി രംഗത്ത്. ഇന്ത്യയില്‍ നിന്നും ലങ്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 73 ശതമാനം നികുതി ചുമത്താനുള്ള രാജപക്‌സെ സര്‍ക്കാറിന്റെ തീരുമാനം വിവാദമാവുകയാണ്. തൊട്ടടുത്ത രണ്ട് കൊച്ചു രാജ്യങ്ങളും ഇന്ത്യാവിരുദ്ധ നിലപാടുകളുമായി രംഗത്തെത്തിയിട്ടും ഇന്ത്യാ ഗവണ്‍മെന്റ് ഒരു ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറായിട്ടില്ല.

ഏറ്റവും വിചിത്രമായ കാര്യം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് മാത്രമാണ് ചുങ്കം വര്‍ധിപ്പിച്ചിട്ടുള്ളത്. ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കുള്ള നികുതി കുറയ്ക്കുകയാണ് ചെയ്തത്. ഇന്ത്യ ഏറ്റവും കൂടുതല്‍ ഓട്ടോമൊബൈല്‍ ഉത്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. പുതിയ നികുതി നിര്‍ദ്ദേശം വന്നതോടെ ഇന്ത്യന്‍ കയറ്റുമതിയില്‍ 90 ശതമാനത്തോളം ഇടിവുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

ചൈനയുടെ ഇടപെടലാണ് മാലിയെയും ലങ്കയെയും ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതെന്ന വാദം ശക്തമാവുകയാണ്. 20 മില്യന്‍ ഡോളര്‍ ചെലവ് വരുന്ന രണ്ട് ചൈനീസ് വാഹനനിര്‍മാണ യൂനിറ്റുകള്‍ക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗികാരം നല്‍കിയിട്ടുണ്ട്.

ഘടകകക്ഷികളുടെയും കുത്തക കമ്പനികളുടെയും താല്‍പ്പര്യത്തിനുവേണ്ടി വിദേശ നയത്തില്‍ വെള്ളം ചേര്‍ത്ത യുപിഎ സര്‍ക്കാറാണ് ഇക്കാര്യത്തില്‍ കുറ്റവാളിയെന്ന് വാദിക്കുന്നവരുമുണ്ട്. മാലി സര്‍ക്കാറും ജിഎംആറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന വിഷയം മാത്രമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

സാര്‍ക് രാജ്യങ്ങളെല്ലാം ശ്രീലങ്കയോടൊപ്പം നിന്ന പല സമയത്തും ഡിഎംകെയുടെ ഭീഷണിയ്ക്ക് വഴങ്ങി എതിര്‍ക്കുകയോ മൗനം പാലിക്കുകയോ ചെയ്ത ഇന്ത്യന്‍ നടപടിയ്ക്കുള്ള വില കൂടിയാണിത്. സങ്കുചിതമായ ചിന്തകള്‍ക്കപ്പുറത്തുള്ള വിദേശനയ നിലപാടുകളില്‍ നിന്ന് ഇന്ത്യ പിന്നോക്കം വെച്ചപ്പോള്‍ ചൈന ഇത് മുതലാക്കുകയായിരുന്നു. തെക്കുനിന്നും ഇന്ത്യയെ നിയന്ത്രിക്കാന്‍ മാലി ദ്വീപും ലങ്കയും വരുതിയിലാവേണ്ടതുണ്ടെന്ന് ചൈനയ്ക്ക് നന്നായി അറിയാം.

English summary
Lanka does a Maldives, raises excise on Indian vehicles by 73%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X