മതില്‍ തകര്‍ന്ന് വീണ് അഞ്ചുകുട്ടികള്‍ മരിച്ചു
ദില്ലി: കിഴക്കന്‍ ദില്ലിയില്‍ മതില്‍ തകര്‍ന്നു വീണ് രണ്ടു വയസ്സിനും ആറുവയസ്സിനും ഇടയില്‍ പ്രായമുള്ള അഞ്ചു കുട്ടികള്‍ മരിച്ചു. ഗുരുതരാവസ്ഥയില്‍ ഒരു കുട്ടി സിറ്റി ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
ന്യൂ അശോക് നഗറിലെ ധര്‍മശില ആശുപത്രിക്ക് പിറകിലൂടെ ദല്ലുപുര ഗ്രാമത്തിലേക്ക് പോകുന്ന വഴിയിലുള്ള മതിലാണ് തകര്‍ന്നു വീണത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ദില്ലിയിലും സമീപപ്രദേശങ്ങളിലുമുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.

പരിക്കേറ്റവരെ കല്യാണ്‍പുരിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 17 അടി ഉയരത്തിലുള്ള കൂറ്റന്‍ മതിലാണ് തകര്‍ന്നു വീണത്. 25 ദിവസം മുമ്പ് നിര്‍മിച്ച മതിലാണിത്. 20 അടിയാക്കി ഉയര്‍ത്താനുള്ള പണി നടന്നു കൊണ്ടിരിക്കുകയാണ്.
മതിലിന് തൊട്ടടുത്ത് ജെസിബി ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയും ജെസിബി ഉപയോഗിച്ച് മണ്ണുമാറ്റുന്നതു കൊണ്ടുള്ള ഇളക്കവുമായിരിക്കും മതില്‍ തതകരാന്‍ കാരണമെന്ന് അഡീഷണല്‍ ഡിസിപി രജന്‍ ഭഗത് അറിയിച്ചു.
അനധികൃത ഗോഡൗണ്‍ ഉണ്ടാക്കുന്നതിനുവേണ്ടിയാണ് സ്ഥലമുടമ ഇത്രയും ഉയരത്തില്‍ മതില്‍ കെട്ടിയതെന്ന് സമീപവാസികള്‍ ആരോപിച്ചു. കഴിഞ്ഞ 12 വര്‍ഷമായി ഇവിടെ താമസിക്കുന്നവരാണ് ഞങ്ങള്‍. കുട്ടികള്‍ കളിയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്-മകനെ നഷ്ടപ്പെട്ട സദന്‍ ഹല്‍ദാര്‍ പറഞ്ഞു.












Click it and Unblock the Notifications