കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരേ സിപിഎം

Google Oneindia Malayalam News

CPM
തിരുവനന്തപുരം: മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ സിപിഎം രംഗത്ത്. പശ്ചിമഘട്ട സംരക്ഷണത്തെ കുറിച്ച് പഠിയ്ക്കാന്‍ വേണ്ടി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി.

ഇടുക്കി, വയനാട് ജില്ലകളിലെ ജനജീവിതം ദുസ്സഹമാകുമെന്ന കാര്യത്തില്‍ സംശയമില്ല. 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഡാമുകള്‍ പൊളിച്ചുകളയാന്‍ പറയുന്നുണ്ട്. പുതിയ ഡാമുകള്‍ ഉണ്ടാക്കുന്നതിനും അനുമതിയില്ല. ഇടുക്കി ഡാം പോലും പൊളിയ്‌ക്കേണ്ടി വരും.

ഇത് വൈദ്യുതി ഉദ്പാദനത്തെയും കാര്‍ഷികമേഖലയെയും പ്രതികൂലമായി ബാധിക്കും. കേരളം പോലെ ജനസാന്ദ്രതയേറിയ മേഖലയില്‍ പ്രായോഗികമല്ലാത്ത ഒട്ടേറെ നിര്‍ദ്ദേശങ്ങളുണ്ട്. കൃഷിയെയും നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കരുത്.

അതേ സമയം പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ് അത്യാവശ്യമാണ്. ജനങ്ങളുടെ കുടിവെള്ളം സംരക്ഷിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കേരളത്തിനിണങ്ങുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഒഴിവാക്കേണ്ടത് ഒഴിവാക്കണം. വിശദമായ ചര്‍ച്ചകളിലൂടെ വേണം ഇക്കാര്യങ്ങള്‍ നടപ്പിലാക്കാന്‍.

പ്രസ്താവനയുടെ പൂര്‍ണരൂപം

തിരുവനന്തപുരം
16.12.2012

ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അതേപടി നടപ്പാക്കുന്നത്‌ ഗുരുതരമായ പ്രത്യാഘാതം സൃഷ്‌ടിക്കും : സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌

പശ്ചിമഘട്ട സംരക്ഷണത്തിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള മാധവ്‌ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അതേപടി സംസ്ഥാനത്ത്‌ നടപ്പിലാക്കുന്നത്‌ വമ്പിച്ച പ്രത്യാഘാതം സൃഷ്‌ടിക്കുമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്‌ ജനങ്ങളുടെ കുടിവെള്ളം സംരക്ഷിക്കുന്നതിനും മറ്റ്‌ ജീവിത ഉപാധികളും നിലനിര്‍ത്തുന്നതിന്‌ അത്യന്താപേക്ഷിതമായ കാര്യമാണ്‌. അതുകൊണ്ട്‌ തന്നെ കേരളത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്‌ പശ്ചിമഘട്ടത്തെ സംരക്ഷിക്കുക എന്നത്‌ ഏറ്റവും പ്രധാനപ്പെട്ട കടമയായി തന്നെ കേരള ജനത ഏറ്റെടുക്കേണ്ടതുണ്ട്‌. പശ്ചിമഘട്ടം ഇന്ന്‌ നേരിടുന്ന പല പ്രശ്‌നങ്ങളെ സംബന്ധിച്ചും ഗൗരവകരമായി തന്നെയുള്ള കാര്യങ്ങള്‍ കമ്മീഷന്‍ അവതരിപ്പിച്ചിട്ടുണ്ട്‌. അത്‌ കേരളീയ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്‌.

എന്നാല്‍ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ഗാഡ്‌ഗില്‍ കമ്മിറ്റി മുന്നോട്ട്‌ വെച്ച നിര്‍ദ്ദേശങ്ങളില്‍ പലതും അപ്രായോഗികമായതും കേരളം പോലുള്ള ജനസാന്ദ്രതയേറിയ സംസ്ഥാനത്ത്‌ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശേഷിയുള്ളതുമാണ്‌. അതിനാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഒരു കാരണവശാലും നടപ്പിലാക്കാന്‍ പാടില്ല. ഇടുക്കി, വയനാട്‌ ജില്ലകളില്‍ ജനജീവിതം തന്നെ അസാധ്യമാകുന്ന നിലയാണ്‌ ഇത്‌ ഉണ്ടാക്കുക. കാര്‍ഷിക വൃത്തിയും നിര്‍മ്മാണ പ്രവര്‍ത്തനവും തന്നെ അസാധ്യമാക്കുന്ന തരത്തില്‍ സ്ഥിതിഗതികള്‍ മാറും.

പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട കേരളത്തിലെ താലൂക്കുകളെ വിവിധ സോണുകളായിട്ടാണ്‌ ഈ റിപ്പോര്‍ട്ടില്‍ തിരിച്ചിരിക്കുന്നത്‌. മൂന്ന്‌ സോണുകളായി ഇതുമായി ബന്ധപ്പെട്ട താലൂക്കുകളെ തിരിക്കുകയും ആ ഓരോ സോണിലും എന്തെന്ത്‌ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും നടത്താന്‍ പറ്റില്ലെന്നും കമ്മിറ്റി വ്യക്തമാക്കുന്നുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ വിവിധ സോണുകള്‍ തിരിക്കുന്നതില്‍ ഉണ്ടായിട്ടുള്ള അശാസ്‌ത്രീയത ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്‌. പല താലൂക്കുകളേയും തിരഞ്ഞെടുത്തിരിക്കുന്നത്‌ അശാസ്‌ത്രീയമായ നയത്തിന്റെ അടിസ്ഥാനത്തിലാണ്‌. ഒരു താലൂക്കിന്റെ വിസ്‌തൃതിയില്‍ 50 ശതമാനത്തിലധികം സോണ്‍ ഒന്നില്‍പെടാന്‍ അര്‍ഹതയുണ്ടെങ്കില്‍ ആ താലൂക്കിനെ ആകമാനം സോണ്‍ ഒന്നില്‍പെടുത്തുന്ന രീതിയാണ്‌ അവലംബിച്ചിരിക്കുന്നത്‌. ഉദാഹരണമായി ഇരിങ്ങാലക്കുടയെ സോണ്‍ ഒന്നിലാണ്‌ പെടുത്തിയിരിക്കുന്നത്‌. ഇത്‌ പ്രാവര്‍ത്തികമായാല്‍ ചാലക്കുടി, ഇരിങ്ങാലക്കുട തുടങ്ങിയ പട്ടണങ്ങള്‍ കടുത്ത നിയന്ത്രണത്തില്‍ വരികയും ഇവിടങ്ങളില്‍ യാതൊരു വികസന പ്രവര്‍ത്തനവും നടത്താന്‍ പറ്റാത്ത നില ഉണ്ടാവുകയും ചെയ്യും. ഇത്തരം ഒരു അവസ്ഥ കേരളത്തിലെ പല താലൂക്കുകളിലും ഉണ്ടാകും.

കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുന്നത്‌ ജല വൈദ്യുത പദ്ധതികളാണ്‌. പുതുതായി ഡാമുകള്‍ നിര്‍മ്മിക്കാനാവില്ലെന്ന്‌ മാത്രമല്ല ഉള്ളവ തന്നെ പൊളിച്ച്‌ മാറ്റണം എന്ന സ്ഥിതിയാണ്‌ ഉണ്ടാവാന്‍ പോവുക. ഇടുക്കി ഡാം പോലും പൊളിച്ച്‌ മാറ്റേണ്ട സ്ഥിതി ഉണ്ടാകും. ഇത്‌ കേരളത്തിന്റെ വൈദ്യുതി മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്‌ടിക്കും. കാര്‍ഷിക രീതികളെ ഉടച്ച്‌ വാര്‍ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കേരളത്തിന്റെ സമ്പദ്‌ഘടനയെ തന്നെ ബാധിക്കുന്ന തരത്തിലുള്ളതാണ്‌. ഈ മേഖലകളില്‍ ദീര്‍ഘകാല വിളകള്‍ ചരിവുകളില്‍ പാടില്ല എന്ന നിര്‍ദ്ദേശം റബ്ബര്‍ കൃഷിയെ തന്നെ പ്രതിസന്ധിയിലേക്ക്‌ നയിക്കും. എസ്റ്റേറ്റുകള്‍ പൂട്ടേണ്ടി വരുന്ന നില തൊഴിലാളികള്‍ക്കും കാര്‍ഷികമേഖലക്കും തിരിച്ചടിയാകും. കീടനാശിനി പൂര്‍ണ്ണമായും ഉപേക്ഷിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കാര്‍ഷികമേഖലയില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്‌ടിക്കാന്‍ ഉതകുന്നതാണ്‌. റോഡ്‌ ഉള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ജനങ്ങളുടെ ജീവിതത്തെ ഗൗരവകരമായി ബാധിക്കുന്നവയാണ്‌.

ഈ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ അതേപടി അംഗീകരിച്ച്‌ നടപ്പിലാക്കുന്നത്‌ ഗുരുതരമായ പ്രതിസന്ധി സൃഷ്‌ടിക്കുന്നതാണ്‌. അതേ അവസരത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കുക എന്നത്‌ മര്‍മ്മ പ്രധാനമായി കണ്ട്‌ കേരളത്തിന്റെ സാമൂഹ്യസവിശേഷതകളും ജനസംഖ്യാപരമായ പ്രത്യേകതകളും കണക്കിലെടുത്തുകൊണ്ടുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്‌. നിലവിലുള്ള പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക എന്നതും പ്രധാനമാണ്‌. ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിച്ചുകൊണ്ട്‌ പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പ്‌ വരുത്തി കൊണ്ടുള്ള ശാസ്‌ത്രീയ പദ്ധതികളാണ്‌ നടപ്പിലാക്കപ്പെടേണ്ടതെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭിപ്രായപ്പെട്ടു.

English summary
CPI (M) has turned against Madhav Gadgil Committee report submitted for the conservation of the Western Ghats. T
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X