കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴിമല : സുരക്ഷാ ജീവനക്കാര്‍ സമരത്തില്‍

Google Oneindia Malayalam News

ഏഴിമല നാവിക അക്കാദമിയില്‍ സുരക്ഷാ ജീവനക്കാരുടെ സമരം. നാവിക അക്കാദമിയില്‍ സുരക്ഷാ ജോലി ചെയ്യുന്ന 128 ജീവനക്കാരാണ് തൊഴില്‍ ചൂഷണത്തിനിരയാകുന്നതായി പരാതിപ്പെട്ട് സമരം നടത്തുന്നത്. സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടവരില്‍ എല്ലാവരും വിവിധ റാങ്കുകളില്‍ നിന്ന് വിരമിച്ച സൈനികരുമാണ്. സ്വകാര്യ ഏജന്‍സിയിലൂടെ നിയോഗിക്കപ്പെട്ടവരാണ് നാവിക അക്കാദമയില്‍ വര്‍ഷങ്ങളായി സുരക്ഷാജീവനക്കാരായി ജോലി ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഡി ജി ആര്‍ സ്‌കെയില്‍ (ഡിറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സര്‍വീസ് മെന്‍, മിനിസ്ട്രി ഓഫ് ഡിഫന്‍സ്) പ്രകാരമാണ് ഇത്തരത്തിലുള്ള സുരക്ഷാജീവനക്കാര്‍ക്ക് വേതനം ലഭിക്കേണ്ടത്. അര്‍ഹതപ്പെട്ട വേതനം ഇടനിലക്കാരായ ഏജന്‍സി ചൂഷണം ചെയ്യുകയാണെന്നും ഏഴിമല അക്കാദമിയുടെയും നാവിക സേനയുടെയും അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

ഒക്‌ടോബര്‍ മാസം മുതല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഈസ്റ്റ് ഫീല്‍ഡ് സെക്യൂരിറ്റിയാണ് നാവിക അക്കാദമിയിലെ സുരക്ഷാചുമതലയുടെ കരാര്‍ ഏറ്റെടുത്തത്. മുന്‍ കരാറുകാരന്‍ നല്‍കിയ വേതനത്തില്‍ നിന്ന് ആയിരത്തി അഞ്ഞൂറ് രൂപ വെട്ടിക്കുറച്ചു കൊണ്ടാണ് പുതിയ കരാറുകാരന്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത്. ഇ പി എഫും ഇ എസ് ഐയും കഴിഞ്ഞ് 7740 രൂപ വേതനം കിട്ടികൊണ്ടിരിക്കുന്ന സ്ഥാനത്ത് നിലവില്‍ ലഭിക്കുന്നത് 6670 രൂപയാണ്. ഡി ജി ആര്‍ സ്‌കെയില്‍ പ്രകാരം ഒരു സുരക്ഷാജീവനക്കാരന് മുപ്പതിനായിരം രൂപയും കേരളത്തില്‍ നിലവിലുള്ള വേതനവ്യവസ്ഥ പ്രകാരം പതിമൂവായിരം രൂപയുമാണ് ലഭിക്കേണ്ടത്.

Ezhimala Ex Service Man

എന്നാല്‍ വര്‍ഷങ്ങളായി ഇ എസ് ഐയും പി എഫുമൊക്കെ കഴിച്ച് എട്ടായിരത്തിനുള്ളിലാണ് ഇവര്‍ക്ക് വേതനം ലഭിച്ചുവരുന്നത്. കമ്പനിക്കുള്ള സര്‍വ്വീസ് ചാര്‍ജ്ജും മറ്റും നേവല്‍ അക്കാദമി നല്‍കുന്നുണ്ടെങ്കിലും അതും സുരക്ഷാജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് കമ്പനി പിടിച്ചെടുക്കുന്നത് കൊണ്ടാണ് വേതനത്തില്‍ ഇത്രയും കുറവ് വരുന്നത്. ഇത് സംബന്ധിച്ചുള്ള പ്രശ്‌നം ജീവനക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പരിഹാരം കണ്ടെത്താമെന്ന് കമ്പനി ഉറപ്പ് തന്നെങ്കിലും വെട്ടിക്കുറച്ച വേതനത്തില്‍ ഇത് വരെ മാറ്റം വരുത്തിയിട്ടില്ല.

ബാംഗ്ലൂരിലെ ഏജന്‍സി നടത്തുന്നത് മുന്‍ ലഫ്റ്റനന്റ് കേണല്‍ ആണ്. ഒരു സുരക്ഷാഭടന്റെ എല്ലാ അവസ്ഥയും പ്രശ്‌നങ്ങളും അറിയുന്ന മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ തന്നെയാണ് വിമുക്തഭടന്‍മാരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് സമരക്കാര്‍ പറയുന്നത്. ഇടനിലക്കാരായ ഏജന്‍സി മാസംതോറും വന്‍തുകയാണ് സെക്യൂരിറ്റി ജീവനക്കാരുടെ പേരില്‍ കൊള്ളയടിക്കുന്നതെന്നും ഇവര്‍ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് 128 സെക്യൂരിറ്റി ജീവനക്കാരും ജോലി ബഹിഷ്‌ക്കരിച്ച് സമരത്തിലേര്‍പ്പെട്ടിരിക്കുകയാണ്. സെക്യൂരിറ്റി ജീവനക്കാര്‍ ജോലിയില്‍ നിന്നും വിട്ടുനിന്ന സാഹചര്യത്തില്‍ ഡിഫന്‍സ് സെക്യൂരിറ്റിയില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വരുത്തി അക്കാദമിയില്‍ താത്കാലിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരായ മുന്‍ സൈനികരുടെ സമരത്തെ ഇടനിലക്കാരായ ഏജന്‍സിയുമായുള്ള പ്രശ്‌നമെന്ന നിലയില്‍ അവഗണിക്കുകയാണ് ഏഴിമല നേവല്‍ അക്കാദമിയും നാവിക സേനയും.

ഏഴിമലയിലെ സമരത്തിന് കേരള എക്‌സ് സര്‍വ്വീസ് മെന്‍ അദര്‍ റാങ്ക്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തില്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വായമൂടിക്കെട്ടിയുള്ള പ്രതിഷേധപ്രകടനം നടന്നിരുന്നു.

English summary
As many as 128 ex-service men, out of 140 employed as security personnel in the Indian Naval Academy (INA), Ezhimala under a security agency have started indefinite agitation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X