Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ ബിജെപി, ഹിമാചലില്‍ കോണ്‍ഗ്രസ്‌

ജനങ്ങള്‍ക്ക് ശരിയും തെറ്റുമറിയാം: മോഡി

അഹമ്മദാബാദ്: ഗുജറാത്തിലെ ജനങ്ങള്‍ക്ക് ശരിയും തെറ്റുമേതാണെന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുമ്പോള്‍ അവര്‍ അതാണ് തെളിയിക്കുന്നത്-അഹമ്മദാബാദില്‍ വിജയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലയില്‍ സംസാരിക്കവരെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു.

ഗുജറാത്തിലെ വിജയം ജനങ്ങളുടെതാണ്. വോട്ടര്‍മാര്‍ കാര്യഗൗരവ ബോധമുള്ളവരാണെന്നതിന് ഏറ്റവും നല്ല തെളിവാണിത്. വൃത്തികെട്ട ജാതി രാഷ്ട്രീയത്തിന് തുടര്‍ച്ചയായി ലഭിക്കുന്ന തിരിച്ചടിയാണിത്. എല്ലാവരും ഗുജറാത്ത് എന്ന വികാരത്തിനാണ് ഇപ്പോള്‍ പ്രാമുഖ്യം കൊടുക്കുന്നത്. അനുഭവങ്ങളില്‍ നിന്നാണ് ജനങ്ങള്‍ ഇക്കാര്യങ്ങള്‍ പഠിച്ചത്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ സംസ്ഥാനത്ത് ബിജെപി 116 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് 60 സീറ്റിലും ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രണ്ട് സീറ്റിലും സ്വതന്ത്രര്‍ നാലു സീറ്റിലും വിജയിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് 36 സീറ്റും ബിജെപി 26 സീറ്റും മറ്റുള്ളവര്‍ ആറു സീറ്റും നേടി.

ട്വിറ്ററില്‍ ഗുജറാത്ത് ഇലക്ഷന്‍ തരംഗമായി

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ട്വിറ്റര്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ശരിയ്ക്കും ആഘോഷിക്കുകയായിരുന്നു. രസകരമായ ചില പോസ്റ്റുകള്‍.

പ്രിയപ്പെട്ട രാഹുല്‍ഗാന്ധി, എന്തുകൊണ്ടാണ് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതെന്നറിയാമോ? എല്ലാ കോണ്‍ഗ്രസുകാരും മൂന്നു രൂപയ്ക്ക് ഉരുളക്കിഴങ്ങ് തിരയുന്ന തിരക്കിലായിരുന്നു.

ഖുര്‍ഷിദ്, രാഷ്ട്രീയം എന്നത് കേവലം ഒരു വിജയം മാത്രമല്ല. താങ്കള്‍ പറഞ്ഞത് ശരിയാണ്. അത് തുടര്‍ച്ചയായ അഞ്ചു വിജയങ്ങളുടെയും ഒരു ഹാട്രിക്കിന്റെയും ത്രിഡി മാസ്മരികതയുടെയുമാണ്.

മോഡി കേശുഭായ് പട്ടേലിനെ സന്ദര്‍ശിച്ചു

4.58: അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം നരേന്ദ്രമോഡി ചെയ്ത രണ്ടു കാര്യങ്ങളും മാധ്യമ ശ്രദ്ധ പിടിച്ചുമാറ്റി. ഒന്ന് മാതാവിനടുത്തെത്തി അനുഗ്രഹം വാങ്ങി. രണ്ട് മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി നേതാവുമായ കേശുഭായ് പട്ടേലിനെ സന്ദര്‍ശിച്ചു.

രാഷ്ട്രീയഗുരുവിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങുകയായിരുന്നു മോഡിയുടെ ലക്ഷ്യം. പക്ഷേ, മോഡിയുടെ നയപരമായ രാഷ്ട്രീയനീക്കമായി ഇതിനെ കാണുന്നവരുണ്ട്.

എന്റെ അനുഗ്രഹം വാങ്ങാനാണ് മോഡിയെത്തിയത്. ഞങ്ങള്‍ പരസ്പരം മധുരം കൈമാറുകയും ചെയ്തു-82കാരനായ പട്ടേല്‍ പറഞ്ഞു.

ഗുജറാത്തില്‍ ബിജെപിക്ക് 118 സീറ്റ്

4.00: ഗുജറാത്തില്‍ ബിജെപി 118 സീറ്റുകള്‍ നേടി. 58 സീറ്റുകളുള്ള കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി. കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിക്ക് രണ്ടു സീറ്റുണ്ട്. നാലു സ്വതന്ത്രരും ജയിച്ചു കയറി.

ഗുജറാത്ത്: ബിജെപിക്ക് 115 സീറ്റ്, ആറിടത്ത് മുന്നില്‍

3.00: ഗുജറാത്തില്‍ ബിജെപി 115 സീറ്റ് നേടി. ആറിടത്ത് മുന്നേറ്റം തുടരുന്നുണ്ട്. കോണ്‍ഗ്രസ് 53 സീറ്റില്‍ വിജയിക്കുകയും രണ്ട് സീറ്റില്‍ ലീഡ് ചെയ്യുന്നുമുണ്ട്. ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രണ്ട് സീറ്റ് നേടി.

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് 35 സീറ്റ് നേടി ഭരണം പിടിച്ചെടുത്തു. ബിജെപിക്ക് 23 സീറ്റുണ്ട്. കൂടാതെ മൂന്ന് സീറ്റില്‍ ലീഡിങ് തുടരുന്നു. ആറ് സ്വതന്ത്രരും ജയിച്ചു. 35 സീറ്റാണ് ഭരിയ്ക്കാനുള്ള ഭൂരിപക്ഷം.

തിരിഞ്ഞു നോക്കരുത്: മോഡി

2.16: തിരിഞ്ഞു നോക്കാതെ നമുക്ക് മുന്നോട്ടുതന്നെ പോകാമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. മുന്നോട്ട്...നമുക്ക് കൂടുതല്‍ കരുത്തും ധൈര്യയും ക്ഷമയും വേണം. ഹൈടെക് മുഖ്യമന്ത്രി ട്വിറ്ററിലൂടെ ഗുജറാത്തിലെ വോട്ടര്‍മാരെ അറിയിച്ചു.

മണിനഗര്‍ മണ്ഡലത്തില്‍ മത്സരിച്ച ശ്വേത ഭട്ടിനെ 86373 വോട്ടിനാണ് മോഡി കീഴടക്കിയത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി നേതാവ് വീണ്ടും അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

ഗുജറാത്തില്‍ ബിജെപി 121 സീറ്റ് നേടുമോ?

12.45: ഗുജറാത്തിലെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന. 54 മണ്ഡലങ്ങളില്‍ വിജയിച്ചപ്പോള്‍ 67 സ്ഥലത്ത് ലീഡ് തുടരുന്നുണ്ട്. കോണ്‍ഗ്രസ് 27 സീറ്റില്‍ വിജയിക്കുകയും 31 മണ്ഡലത്തില്‍ മുന്‍തൂക്കം നേടുകയും ചെയ്തിട്ടുണ്ട്. ഹിമാചലില്‍ കോണ്‍ഗ്രസ് 38 സീറ്റുകള്‍ നേടാനുള്ള സാധ്യത കൂടുതലാണ്. ഇതുവരെ 20 സീറ്റുകള്‍ സ്വന്തമാക്കി കഴിഞ്ഞു.

മുഖ്യമന്ത്രിയെ സോണിയ തീരുമാനിക്കും

12.40: ഷിംല: സംസ്ഥാനത്തെ മുഖ്യമന്ത്രി ആരാവണമെന്ന കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിക്കുമെന്ന് വീര്‍ഭദ്രസിങ്. ഹിമാചലില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്താന്‍ ആവുന്നതെല്ലാം ചെയ്തു. ബാക്കിയുള്ള കാര്യങ്ങളെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. വീര്‍ഭദ്രസിങ് തന്നെ മുഖ്യമന്ത്രിയാവാനാണ് സാധ്യത.

ഗുജറാത്ത്: ബിജെപിക്ക് 33 സീറ്റ്, കോണ്‍ഗ്രസിന് 20

12.20: ഗുജറാത്തിലെ 182 ല്‍ 54 മണ്ഡലങ്ങളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപി 33 സീറ്റും കോണ്‍ഗ്രസ് 20 സീറ്റും സ്വതന്ത്രന്‍ ഒരു സീറ്റും നേടി. പുതിയ ട്രെന്‍ഡ് അനുസരിച്ച് ബിജെപി 120 സീറ്റുകള്‍ സ്വന്തമാക്കും.

ഹിമാചല്‍ പ്രദേശില്‍ മൊത്തമുള്ള 68 സീറ്റുകളില്‍ 23 സീറ്റുകളുടെ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് 13ഉം ബിജെപി എട്ടും സ്വതന്ത്രര്‍ രണ്ടും സീറ്റുകള്‍ നേടി.

Bjp Campaign

ജാഗ്രുതി പാണ്ഡ്യ തോറ്റു

12.10: കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയുടെ ബാനറില്‍ മത്സരിച്ച ജാഗ്രുതി പാണ്ഡ്യ തോറ്റു. കൊല്ലപ്പെട്ട ബിജെപി നേതാവ് ഹരണ്‍ പാണ്ഡ്യയുടെ ഭാര്യയാണ് ജാഗ്രുതി. അഹമ്മദാബാദിലെ എല്ലീസ് ബ്രിഡ്ജി മണ്ഡലത്തിലാണ് മത്സരിച്ചത്. ബിജെപിയുടെ രാകേഷ് ഷാന്‍ വന്‍ ഭൂരിപക്ഷത്തിലാണ് ഈ മണ്ഡലത്തില്‍ നിന്നു വിജയിച്ചത്. കോണ്‍ഗ്രസിന്റെ കമലേഷ് കുമാര്‍

മോഡിയാകുമോ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി?

12.00: ഗുജറാത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ബിജെപി ഭരണം ഉറപ്പാക്കിയ നരേന്ദ്ര മോഡി തന്നെയായിരിക്കുമോ അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി? തിരഞ്ഞെടുപ്പ് വിശകലനത്തിനെത്തിയ ബിജെപി ഔദ്യോഗിക നേതാക്കളൊന്നും തന്നെ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല.

മോഡി ബിജെപിയിലെ പ്രധാന നേതാക്കളിലൊരാളാണ്. കുടുംബഭരണമല്ല ബിജെപിയിലുള്ളത്. ജനാധിപത്യസംവിധാനത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്-ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് ഒരു ചോദ്യത്തിന് മറുപടിയായി ഇങ്ങനെയാണ് പ്രതികരിച്ചത്.

മോഡിയുടെ പൊതുസമ്മേളനം വൈകീട്ട്

11.53: വൈകുന്നേരം അഞ്ചു മണിക്ക് മോഡി ജനങ്ങളെ അഭിസംബോധന ചെയ്യും മണിനഗറില്‍ മോഡിയുടെ ഭൂരിപക്ഷം 75000മായി ഉയര്‍ന്നു.

ഗുജറാത്ത്; 17 സീറ്റില്‍ ബിജെപി

11.46: ഗുജറാത്തിലെ ഫലമറിഞ്ഞ 22 സീറ്റില്‍ 17 എണ്ണവും ബിജെപി സ്വന്തമാക്കി. അഞ്ചെണ്ണമാണ് കോണ്‍ഗ്രസ് നേടിയത്. രണ്ട് സിറ്റിങ് സീറ്റ് കോണ്‍ഗ്രസിന് നഷ്ടമായി. 17 എണ്ണത്തില്‍ ഒരു സീറ്റ് ബിജെപി പിടിച്ചെടുത്തതാണ്. ഹിമാചലില്‍ ഇതുവരെ അഞ്ചു സീറ്റുകളുടെ ഫലമാണ് പുറത്തുവന്നിട്ടുള്ളത്. അതില്‍ കോണ്‍ഗ്രസും ബിജെപിയും രണ്ടെണ്ണം വീതം സ്വന്തമാക്കി. ഒരു സീറ്റ് സ്വതന്ത്രനാണ്.

അഹമ്മദാബാദില്‍ 17ല്‍ 16ഉം ബിജെപിക്ക്

11.40: വാണിജ്യകേന്ദ്രമായ അഹമ്മദാബാദ് നരേന്ദ്രമോഡിക്ക് പരിപൂര്‍ണ പിന്തുണ നല്‍കി. മേഖലയിലെ 17 മണ്ഡലങ്ങളില്‍ 16 എണ്ണത്തിലും ബിജെപി വിജയം ഉറപ്പാക്കി. ഗോധ്രയില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുന്നേറുന്നു

അമിത് ഷാ വിജയിച്ചു

11.30: നരേന്ദ്ര മോഡിയുടെ അടുത്ത അനുയായിയും സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റാരോപിതനുമായ അമിത് ഷാ നാരാന്‍പുര മണ്ഡലത്തില്‍ നിന്നും വിജയിച്ചു. നരേന്ദ്ര മോഡി അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് മണിനഗര്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ചിട്ടുണ്ട്.

ഗുജറാത്ത് എട്ട് സീറ്റ് ബിജെപി, ഒന്ന് കോണ്‍ഗ്രസിന്

11.10: ഗുജറാത്തില്‍ ഫലമറിഞ്ഞ ഒമ്പത് സീറ്റില്‍ എട്ടും ബിജെപി സ്വന്തമാക്കി. ഒരു സീറ്റ് കോണ്‍ഗ്രസിന്. ഹിമാചലില്‍ ഒരേ ഒരു സീറ്റിലെ ഫലം മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ബിജെപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്.

നരേന്ദ്ര മോഡി ജയിച്ചു

11.00: ഗുജറാത്തില്‍ ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ച രണ്ട് സീറ്റും ബിജെപി സ്വന്തമാക്കി. നരേന്ദ്ര മോഡി 56000ല്‍ അധികം വോട്ടിനാണ് മണി നഗര്‍ മണ്ഡലത്തില്‍ വിജയിച്ചത്.

ഗുജറാത്തിലേത് മോഡിയുടെ വിജയം

10.50: 1987ല്‍ മാത്രം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച മോഡി എങ്ങനെയാണ് ഗുജറാത്ത് രാഷ്ട്രീയത്തിലെ മുടി ചൂടാമന്നനായി മാറിയത്? ഏഴുവര്‍ഷം കൊണ്ട് ബിജെപിയെ ഗുജറാത്തില്‍ അധികാരത്തിലേറ്റിയതോടെ മോഡി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി.

2001ല്‍ കേശുഭായ് പട്ടേലിന് രാജിവെച്ച് പടിയിറങ്ങേണ്ടി വന്നതാണ് മോഡിയുടെ രാഷ്ട്രീയജീവിതം മാറ്റിമറച്ചത്. പകരക്കാരനായി പാര്‍ട്ടി നിയോഗിച്ചത് നരേന്ദ്ര മോഡിയെയായിരുന്നു.

2002 ഫെബ്രുവരി 27ന് ഗോദ്രയില്‍ വെച്ച് 50ഓളം ഹിന്ദു തീര്‍ത്ഥാടകര്‍ ട്രെയിന്‍ തീപ്പിടുത്തത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ രണ്ടായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗം പേരും മുസ്ലീങ്ങളായിരുന്നു. കലാപം അടിച്ചമര്‍ത്താന്‍ കാര്യമായൊന്നും ചെയ്തില്ലെന്ന പരാതി മോഡിക്കെതിരേ ഉയര്‍ന്നിരുന്നു. കലാപവുമായി ബന്ധപ്പെട്ട് മോഡി മന്ത്രിസഭയിലെ മന്ത്രിമാരടക്കം കുടുങ്ങിയെങ്കിലും മോഡിക്കെതിരേ ഇന്നുവരെ ഒരു തെളിവും ഹാജരാക്കാനായിട്ടില്ല.

മതസ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നാരോപിച്ച് 2005ല്‍ അമേരിക്ക വിസ നിഷേധിച്ചതോടെ മോഡി വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയിലേക്കുയര്‍ന്നു. 2008 ഒക്ടോബറില്‍ പശ്ചിമബംഗാളിലെ നാനോ കാര്‍ പദ്ധതിയെ ഗുജറാത്തിലേക്ക് പറിച്ചു നട്ട് മോഡി വീണ്ടും ശ്രദ്ധേയനായി.

ചുരുക്കത്തില്‍ നഗരകേന്ദ്രീകൃത വികസനവും അതിനെ മാര്‍ക്കറ്റ് ചെയ്യാനുള്ള കഴിവും സാധാരണക്കാരുടെ ജീവിതത്തില്‍ നിന്ന് അഴിമതി തുടച്ചുനീക്കാന്‍ സാധിച്ചതുമാണ് മോഡിയെ ശ്രദ്ധേയനാക്കിയത്.

ഗുജറാത്തില്‍ ബിജെപി 115 സീറ്റില്‍

10. 42: തുടര്‍ച്ചയായി മൂന്നാം തവണയും ഗുജറാത്ത് ഭരണം ഉറപ്പാക്കി ബിജെപി കുതിക്കുകയാണ്. 115 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. കോണ്‍ഗ്രസ് 61 സീറ്റിലും എന്‍സിപി ഒരു സീറ്റിലും മറ്റുള്ളവര്‍ നാലു സീറ്റിലും മുന്നേറുന്നു.

ഹിമാചല്‍ പ്രദേശ് സിപിഎം സ്ഥാനാര്‍ത്ഥി മുന്നില്‍

10.40: ഹിമാചലില്‍ 33 സീറ്റില്‍ കോണ്‍ഗ്രസും 24 സീറ്റില്‍ ബിജെപിയും മുന്നിട്ടുനില്‍ക്കുന്നു. ഒരു സീറ്റില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.

മണി നഗറില്‍ മോഡി ഏറെ മുന്നില്‍

10.35: ഹാട്രിക് വിജയത്തിനൊരുങ്ങുന്ന നരേന്ദ്ര മോഡി എതിര്‍ സ്ഥാനാര്‍ത്ഥിയായ ശ്വേത സഞ്ജീവ് ഭട്ടിനേക്കാളും ഏറെ മുന്നില്‍. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് മോഡി 60616 വോട്ടുകള്‍ നേടിയപ്പോള്‍ ശ്വേതയ്ക്ക് 18530 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

ഹിമാചലില്‍ 37 സീറ്റില്‍ കോണ്‍ഗ്രസിന് ലീഡ്

10.22: ഹിമാചലില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി. 68 സീറ്റില്‍ 37 എണ്ണത്തിലും കോണ്‍ഗ്രസിന് വ്യക്തമായ ലീഡുണ്ട്. ബിജെപിക്ക് 23 സീറ്റില്‍ മാത്രമാണ് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. മറ്റുള്ള സ്ഥാനാര്‍ത്ഥികളില്‍ ആറു പേര്‍ ലീഡ് ചെയ്യുന്നുണ്ട്.

മോഡിയുടെ ഭൂരിപക്ഷം കുറയുമോ?

10.18: ഗുജറാത്തില്‍ നരേന്ദ്ര മോഡി തൂത്തുവാരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ അധികം മെച്ചപ്പെട്ടതാകാന്‍ സാധ്യതയില്ലെന്ന് സൂചന. ഇപ്പോള്‍ 114 മണ്ഡലങ്ങലിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. 63 എണ്ണത്തില്‍ കോണ്‍ഗ്രസും നാലെണ്ണത്തില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു. കഴിഞ്ഞ പ്രാവശ്യം ബിജെപി 117 സീറ്റാണ് നേടിയത്.

ബിജെപി 111 സീറ്റില്‍ മുന്നില്‍

10.13:മണിനഗര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി മുന്നിട്ടുനില്‍ക്കുമ്പോള്‍ എല്ലീസ് ബ്രിഡ്ജില്‍ ജാഗൃതി പാണ്ഡ്യ പിന്നിലാണ്. ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി നേതാവ് കേശുഭായ് പട്ടേലിന് നേരിയ മുന്‍തൂക്കമാണുള്ളത്.

9.51: വോട്ടെണ്ണല്‍ മുന്നോട്ടു നീങ്ങുമ്പോള്‍ ഹിമാചലില്‍ കോണ്‍ഗ്രസിന് അനുകൂലമായ തരംഗം. 68 സീറ്റില്‍ 34 എണ്ണത്തിലും കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്. ബിജെപി 21 സ്ഥലത്ത് ലീഡ് തുടരുന്നു. മറ്റുള്ളവര്‍ അഞ്ച് സീറ്റില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരിയ്ക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കികൊണ്ട് മുന്നേറുന്നു.

9.38: ഗുജറാത്തില്‍ ബിജെപി 100 സീറ്റില്‍ മുന്നേറ്റം തുടരുന്നു. അതേ സമയം ഹിമാചല്‍ പ്രദേശില്‍ നിന്നു ലഭ്യമായ ഏറ്റവും പുതിയ സൂചനകളനുസരിച്ച് കോണ്‍ഗ്രസ് 26 സീറ്റില്‍ മുന്നിലാണ്. 22 സീറ്റില്‍ ലീഡുള്ള ബിജെപിയാണ് തൊട്ടുപിന്നിലുള്ളത്.

9.35:വാശിയേറിയ പോരാട്ടം നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് നേരിയ മേല്‍ക്കൈ. 23 സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ 22 സീറ്റില്‍ ബിജെപി ലീഡ് തുടരുന്നു.

9.30:ഗുജറാത്തിലെ 182 സീറ്റുകളില്‍ 70 എണ്ണത്തിലും വ്യക്തമായ ലീഡ് ഉറപ്പാക്കി ബിജെപി മുന്നേറുന്നു. മൊത്തം 91 സീറ്റുകളില്‍ ബിജെപിക്ക് ലീഡുള്ളപ്പോള്‍ കോണ്‍ഗ്രസ് 54 സീറ്റില്‍ മുന്നിലാണ്. ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി(ജിപിപി) മൂന്ന് സീറ്റില്‍ മുന്‍തൂക്കം നേടിയിട്ടുണ്ട്.

ഹിമാചലില്‍ മൊത്തമുള്ള 68 സീറ്റില്‍ 22 എണ്ണത്തില്‍ ബിജെപിക്ക് ലീഡുണ്ട്. 20 എണ്ണത്തില്‍ കോണ്‍ഗ്രസും. അഞ്ച് സ്വതന്ത്രര്‍ വ്യക്തമായ ലീഡോടെ മുന്നേറുന്നുണ്ട്.

9.22: ഗുജറാത്തില്‍ 72 സീറ്റില്‍ ബിജെപി മുന്നേറുന്നു. 38 സീറ്റില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ട്. മൂന്നു സീറ്റില്‍ കേശുഭായ് പട്ടേലിന്റെ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചു. ഹിമാചലില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ബിജെപി 19 സീറ്റിലും കോണ്‍ഗ്രസ് 16 സീറ്റിലും മറ്റുള്ളവര്‍ നാല് സീറ്റിലും മുന്നിലാണ്.

9.07: ഗുജറാത്തിലെ 52 സീറ്റുകളില്‍ ബിജെപി മുന്നേറുന്നു. 26 ഇടത്ത് കോണ്‍ഗ്രസ് മുന്നിലാണ്. ഹിമാലചലില്‍ 17 മണ്ഡലങ്ങളിലെ സൂചനയനുസരിച്ച് 11 സീറ്റില്‍ ബിജെപിയാണ് മുന്നില്‍ അഞ്ചിടത്ത് കോണ്‍ഗ്രസ്.

8.59:ഗുജറാത്തില്‍ 45 സീറ്റുകളില്‍ 31 എണ്ണത്തിലും ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 13 ഇടത്ത് മുന്നിലാണ്. കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രണ്ടിടത്ത് മുന്‍തുക്കം നേടി.

ഹിമാചലില്‍ ഒമ്പത് സ്ഥലത്തെ സൂചനകള്‍ അനുസരിച്ച് ബിജെപി ഏഴിടത്തും കോണ്‍ഗ്രസ് രണ്ടിടത്തും മുന്നിലാണ്.

8.49: ഗുജറാത്തില്‍ ബിജെപി മുന്നേറുന്നു. സൂചനകള്‍ ലഭ്യമായ 24 മണ്ഡലത്തില്‍ 15 എണ്ണത്തില്‍ ഭരണകക്ഷി മുന്നിലാണ്. കോണ്‍ഗ്രസ് ഒമ്പത് സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം, രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുമ്പോള്‍ ഒരു സീറ്റില്‍ ബിജെപിയാണ് മുന്നില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+