എന്നെ രക്ഷിയ്ക്കൂ, എനിയ്ക്ക് ജീവിയ്ക്കണം...
ദില്ലി: എന്നെ രക്ഷിയ്ക്കൂ... എനിയ്ക്ക് ജീവിയ്ക്കണം, ദില്ലിയില്‍ ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അപേക്ഷയാണിത്. ഗുരുതര നിലയില്‍ സഫ്ദര്‍ജങ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടി ബന്ധുക്കള്‍ക്ക് നല്‍കിയ കുറപ്പിലാണ് ഈ അപേക്ഷ.
സംസാരിയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായതിനാലാണ് കടലാസില്‍ കുറിച്ചതെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.. തനിയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ കാര്യവും പെണ്‍കുട്ടി തിരക്കിയെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി.

ശരീരമാസകലം പരിക്കേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിയ്ക്കുന്നത്. അഞ്ചാമത്തെ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞെങ്കിലും പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ ഡോക്ടര്‍മാര്‍ മടിയ്ക്കുകയാണ്. 24 മണിക്കൂര്‍കൂടി കഴിഞ്ഞാലേ എന്തെങ്കിലും പറയാനാകൂ എന്ന് ആസ്പത്രി അധികൃതര്‍ പറയുന്നു.
ശരീരംമുഴുവന്‍ മുറിവുകളുള്ളതിനാല്‍ അണുബാധയുണ്ട്. ഇത് ചികിത്സകള്‍ ദുഷ്‌കരമാക്കുകയാണ്. ചൊവ്വാഴ്ച നില അല്പം ഭേദപ്പെട്ടെങ്കിലും ബുധനാഴ്ച വീണ്ടും വഷളായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ബലാത്സംഗത്തിന് പുറമെ ക്രൂരമായ രീതിയിലാണ് പെണ്‍കുട്ടി അക്രമിയ്ക്കപ്പെട്ടത്. ദേഹമാസകലം മുറിവുകളും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതവും സംഭവിച്ചിട്ടുണ്ട്. വയറ്റില്‍ ബൂട്‌സിട്ട് ചവിട്ടിയ അടയാളങ്ങളുമുണ്ട്. മുഖം കടിച്ചുപറിച്ച രീതിയിലാണ്. പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിലൂടെ ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്തു. ചില ആന്തരികാവയങ്ങള്‍ ഭേദമാക്കാനാവാത്ത വിധം തകരാറിലായിട്ടുണ്ട്. വന്‍കുടലില്‍ മുഴുവനായും ക്ഷതമേറ്റിട്ടുണ്ട്. ബുധനാഴ്ച രണ്ടുമണിക്കൂര്‍നീണ്ട ശസ്ത്രക്രിയയില്‍ കുടലിന്റെ ചിലഭാഗങ്ങള്‍ നീക്കംചെയ്തു. ട്യൂബിലൂടെയാണ് പെണ്‍കുട്ടിയ്ക്കിപ്പോള്‍ ഭക്ഷണം നല്‍കുന്നത്. കടുത്ത വേദനയുള്ളതിനാല്‍ ഉയര്‍ന്ന അളവിലുള്ള മോര്‍ഫീന്‍ കുത്തിവെയ്ക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.












Click it and Unblock the Notifications