ഇറ്റാലിയന്‍ നാവികര്‍ക്ക് ഇന്ത്യ വിടാന്‍ അനുമതി

കേരളം എതിര്‍ത്തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് നാവികര്‍ക്ക് സ്വദേശത്തേക്ക് പോകാന്‍ വഴിതെളിഞ്ഞത്.
നാവികരുടെ യാത്രാരേഖകള്‍ വിട്ടുനല്‍കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബന്ധുക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിയ്ക്കാന്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് കസ്റ്റഡിയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരായ ലൊത്തേറൊ മാസിമിലാനോ, സാല്‍വത്തോറ ജിറോണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഫെബ്രുവരി പതിനാറിനാണ് കൊല്ലം നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളുടെ നേരെ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിവെച്ചത്. രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കന്യാകുമാരി സ്വദേശി പിങ്കു, നീണ്ടകര സ്വദേശി ജലാസ്റ്റിന്‍ എന്നിവരാണ് മരിച്ചത്.
ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി നല്‍കിയ ഉറപ്പിനു വിധേയമായി കോടതി തീരുമാനം കൈക്കൊള്ളണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വഞ്ചിയൂര്‍ പരമേശ്വരന്‍നായര്‍ മുഖേന കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബുധനാഴ്ച അറിയിച്ചിരുന്നു.
വിട്ടയച്ചാല്‍ സൈനികര്‍ തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തിലും കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചത് സംശയാസ്പദമാണെന്ന് ആക്ഷേപമുണ്ട്. ഫ്രഞ്ച് ചാരക്കേസ്, ഭോപ്പാല്‍ ദുരന്തം എന്നീ കേസുകളിലെല്ലാം പ്രതികളായ വിദേശികള്‍ ജാമ്യമെടുത്ത് സ്വന്തം നാട്ടിലേക്ക് പോയതിന് ശേഷം ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. ഇവരെ തിരിച്ചുകൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇങ്ങനെയൊരു ചരിത്രം മുന്നില്‍ നില്‍ക്കവെയാണ് ഇറ്റാലിയന്‍ നാവികര്‍ക്ക് അവരുടെ സ്വന്തം നാട്ടിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാരും ഹൈക്കോടതിയും അനുമതി നല്‍കിയിരിക്കുന്നത്.
കര്‍ണാടക ജയിലില്‍ വിദഗ്ധ ചികിത്സ പോലും നിഷേധിയ്ക്കപ്പെട്ട് കഴിയുന്ന മദനിയുടെ അവസ്ഥയും ഈ സാഹചര്യത്തില്‍ കേരളത്തില്‍ ചര്‍ച്ചായവുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications