ആധിയേറ്റുന്ന ലോകാവസാന പ്രവചനങ്ങള്‍

ഡിസംബര്‍ 24, 1955
ഡൊറോത്തി മാര്‍ട്ടിന്‍ എന്ന സ്ത്രീയുടെ പ്രവചനങ്ങളില്‍ വിശ്വസിച്ചിരുന്ന സീക്കേഴ്‌സ് എന്ന സംഘമാണ് ഈ ദിവസം ലോകവസാനമാണെന്ന് പ്രഖ്യാപിച്ച് പ്രചാരണം നടത്തിയത്. 1954 ഡിസംബര്‍ ഈ പ്രവചനം സംബന്ധിച്ച വാര്‍ത്ത ചിക്കാഗോ ട്രിബൂണ്‍ പ്രസിദ്ധീകരിച്ചതോടെ ജനങ്ങളുടെ മനസ്സില്‍ ആധി വളര്‍ന്നു. ഏറ്റവും രസകരമായ കാര്യം ലോകാവസാനം വരുന്നതിനാല്‍ സീക്കേഴ്‌സിലെ പല അംഗങ്ങളും ജോലി രാജിവെയ്ക്കുകയും സ്വത്തുക്കള്‍ വിറ്റൊഴിവാക്കുകയും ചെയ്തിരുന്നു.
ഹാലി കോമറ്റ് മെയ് 1910
ഹാലി കോമറ്റ് ഭൂമിയില്‍ ഇടിയ്ക്കാന്‍ സാധ്യതയുണ്ടെന്നും അത്യന്തം മാരകമായ വിഷം ഭൂമിയിലേക്ക് ഒഴുകമെന്നും ജീവജാലങ്ങളെല്ലാം മരിച്ചുവീഴുമെന്നുമായിരുന്നു പ്രചാരണം. അവസരം മുതലാക്കി ചില മരുന്നു കമ്പനികള്‍ കോമറ്റ് പില്‍സ് എന്ന പേരില്‍ ഗുളികകള്‍ വരെ വിതരണം ചെയ്യാന്‍ തുടങ്ങി. എന്നാല്‍ ആ മാസം ഒന്നും സംഭവിച്ചില്ല.
വൈടുകെ 2000
2000 കടന്നു വരുന്നതിനോടനുബന്ധിച്ച് നിരവധി ആശങ്കകളാണ് ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞുവന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു വൈടുകെ. തിയ്യതി രേഖപ്പെടുത്തുമ്പോള്‍ മെമ്മറി ലാഭിക്കുന്നതിന്റെ ഭാഗമായി വര്‍ഷത്തെ രണ്ടരക്ഷത്തിലൊതുക്കിയ രീതി ലോകവസാനമുണ്ടാക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
1998നു പകരം 98 എന്നു രേഖപ്പെടുത്തി വന്നിരുന്നത് 2000ഓടെ 00 എന്നു ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തുന്നത് അപകടമുണ്ടാക്കുമെന്നായിരുന്നു കരുതിയിരുന്നത്. വിമാനങ്ങള്‍ ആകാശത്തില്‍ നിന്നു താഴെ വീഴുക, ഇലവേറ്ററുകള്‍ കുത്തനെ ഇടിച്ചുവീഴുക, ലോക സാമ്പത്തിക മേഖല തകരുക, ആണവായുധങ്ങള്‍ നിയന്ത്രണമില്ലാതാവുക തുടങ്ങി നിരവധി ആശങ്കകളാണ് അന്ന് പുറത്തുവന്നിരുന്നുത്.
മെയ് 21, 2011
ഹരോള്‍ഡ് കാംപിങ് എന്ന അമേരിക്കന്‍ പാതിരിയായിരുന്നു ഈ പ്രവചനത്തിനു പിന്നില്‍. മെയ് 21, 2011ല്‍ ക്രിസ്തുദേവന്‍ തിരിച്ചെത്തുമെന്നാണ് അദ്ദേഹം പ്രചരിപ്പിച്ചത്. ഇതേയാള്‍ തന്നെ 1994 സെപ്തംബര്‍ ആറിന് ജഡ്ജ്‌മെന്റ് ഡേ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഡിസംബര്‍ 21, 2012
പക്ഷേ, കഴിഞ്ഞ ഏത് ലോകാവസാന പ്രവചനത്തേക്കാളും ഡിസംബര്‍ 21ന് പ്രാധാന്യം കൂടുതലാണ്. ലോകത്തെ 15 ശതമാനം പേരും ഡിസംബര്‍ 21ന് ലോകം അവസാനിക്കുമെന്ന് വിശ്വസിക്കുന്നുണ്ട്. മെക്‌സിക്കോയിലും ഗ്വാട്ടിമലയിലും ജീവിക്കുന്നവര്‍ ഇപ്പോഴും മായന്‍ കലണ്ടര്‍ പിന്തുടരുന്നുണ്ട്. 5125 ദിവസം പഴക്കമുള്ള ഈ കലണ്ടറിലെ അവസാന ദിവസമാണ് ഡിസംബര്‍ 21.
പ്രവചനങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധ നേടിയിട്ടുള്ള നോസ്റ്റര്‍ഡാമസും ഈ ദിവസം ഭൂമി തകരാന്‍ സാധ്യതയുണ്ടെന്ന രീതിയില്‍ പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. നിബിരു എന്ന അദൃശ്യഗ്രഹം ഭൂമിയെ ഇടിയ്ക്കാനുള്ള സാധ്യതയാണ് മറ്റു ചിലര്‍ ചൂണ്ടികാണിയ്ക്കുന്നത്. ഭൂമിയുടെ കാന്തിക മണ്ഡലത്തിന് ദിശാമാറ്റമുണ്ടാകുമെന്ന പ്രവചനമാണ് അടുത്തത്. എന്തായാലും ലോകം വ്യാഴാഴ്ച അവസാനിക്കുമെന്ന രീതിയില്‍ പെറു, മെക്‌സിക്കോ, ഗ്വാട്ടിമല തുടങ്ങിയ രാജ്യങ്ങളില്‍ ആചാരാനുഷ്ഠാനങ്ങള്‍ നടക്കുകയാണ്.












Click it and Unblock the Notifications