വീണ്ടും കടുവ: ഇത്തവണ ഇരയായത് പശുവും കിടാവും
ഇടവേളയ്ക്ക് ശേഷം വീണ്ടും കടുവ നാട്ടിലിറങ്ങി. ഇത്തവണ മാനന്തവാടിക്കടുത്താണ് ഇരതേടി കടുവയിറങ്ങിയത്. കാട്ടിക്കുളം പനവല്ലി മാനിക്കൊല്ലിയില്‍ പശുവിനെയും കിടാവിനെയുമാണ് വ്യാഴാഴ്ച രാത്രി കടുവ കൊന്നത്. മാനിക്കൊല്ലി എടമല കൃഷ്ണന്റെ അഞ്ചുവയസുള്ള പശുവും കിടാവുമാണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. തൊഴുത്തില്‍ കെട്ടിയിരിക്കയായിരുന്നു ഇവയെ. കിടാവിനെ കടുവ തിന്നു. പശുവിന്റെ ജഡം തൊഴുത്തില്‍നിന്ന് നൂറുമീറ്റര്‍ അകലെ തോട്ടത്തില്‍ കണ്ടെത്തി. പശുവിനെയും കിടാവിനെയും കൊന്നത് കടുവയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചത്ത പശുവിന്റെയും കിടാവിന്റെയും ഉടമയ്ക്ക് 55,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസര്‍ അറിയിച്ചു.
പനവല്ലിയിലും മാനിക്കൊല്ലിയിലും നേരത്തേയും കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു. കഴിഞ്ഞമാസം പനവല്ലിയില്‍ മാപ്ലശേരി ശാരദയുടെ പശുവിനെയും മാനിക്കൊല്ലിയില്‍ തിമ്മപ്പന്റെ പോത്തിനെയുമാണ് കടുവ ഇരകളാക്കിയത്. മാനിക്കൊല്ലിയില്‍ ഇറങ്ങിയ കടുവയെ കൂടുവച്ച് പിടിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പശുവും കിടാവും കൊല്ലപ്പെട്ടതോടെ തിരുനെല്ലി വീണ്ടും കടുവാഭീതിയിലായി. മുമ്പ് കടുവ നാട്ടിലിറങ്ങിയതോടെ ജനം ഒന്നടങ്കം പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. തിരുനെല്ലി പഞ്ചായത്തിലെ പുലിവാല്‍മുക്കില്‍നിന്നാണ് നവംബര്‍ 13നാണ് കടുവയെ വനം-വന്യജീവി വകുപ്പ് കെണിവച്ച് പിടിച്ചത്. ഈ കടുവയെ വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് വനത്തിലാണ് തുറന്നുവിട്ടത്. തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ട് വളര്‍ത്തുമൃഗങ്ങളെ കടുവ പിടിച്ച സാഹചര്യത്തിലാണ് ആദ്യം കെണിവച്ച് കടുവയെ കുടുക്കിയത്.
പിന്നീട് ബത്തേരിക്കടുത്ത് തേലമ്പറ്റയില്‍ നാട്ടിലിറങ്ങിയ കടുവയെ ഡിസംബര്‍ രണ്ടിനാണ് വെടിവച്ചുകൊന്നത്. ജനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതിയോടെ കടുവയെ വെടിവച്ചതിനെത്തുടര്‍ന്നുള്ള വിവാദം കെട്ടടങ്ങുന്നതിന് മുമ്പെ വീണ്ടും കടുവയിറങ്ങിയത് വനംവകുപ്പ് ഉദ്യോഗസ്ഥരെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications