മതനിന്ദ, പാകിസ്താനില്‍ ആളെ ചുട്ടുകൊന്നു

മേഖലയിലുള്ള ഒരു പള്ളിയില്‍ ഖുറാന്‍ കത്തിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു ജനരോഷം. യാത്രക്കാരനായ ഒരാള്‍ രാത്രിയില്‍ പള്ളിയില്‍ തങ്ങിയിരുന്നതായി ഇമാം മൗലവി മേമണ്‍ മൊഴി നല്‍കിയിരുന്നു. ഇയാളെ കണ്ടെത്തിയ പ്രദേശവാസികള്‍ ക്രൂരമായി മര്‍ദ്ദിച്ചതിനുശേഷം പോലിസിനു കൈമാറി.
എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കു ശേഷം 200ഓളം പേരടങ്ങുന്ന സംഘം പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച് ഇയാളെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് അഗ്നിക്കിരയാക്കുകയായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാകിസ്താനില്‍ മതനിന്ദ നടത്തിയെന്നാരോപിച്ച് 1990 മുതല്‍ ഇതുവരെ 53 പേരെയാണ് കൊന്നൊടുക്കിയിട്ടുള്ളത്. മതനിന്ദ പാകിസ്താനില്‍ മരണശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പലപ്പോഴും മതനിന്ദ ആരോപിക്കപ്പെടുന്നവര്‍ക്ക് ശരിയായ നീതി ലഭിക്കുന്നില്ലെന്ന പരാതിയും രാജ്യത്ത് സജീവമാണ്. മതനിഷേധിയായി പരിഗണിക്കുമെന്ന് പേടിച്ച് അഭിഭാഷകര്‍ പോലും ഇവര്‍ക്കുവേണ്ടി കോടതിയിലെത്തില്ല.
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി പലരും ഈ നിയമത്തിന്റെ പഴുത് ഉപയോഗിക്കുന്നതായി രാജ്യത്തെ മനുഷ്യാവകാശസംഘടനകള്‍ കുറ്റപ്പെടുത്തുന്നുണ്ട്. പുതിയ കേസിലും വഴിയാത്രക്കാരനാണ് ഖുറാന്‍ കത്തിച്ചതെന്ന് തെളിഞ്ഞിട്ടില്ല. കിംവദന്തികളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ ഇളകി മറിയുകയായിരുന്നു.












Click it and Unblock the Notifications