ദില്ലി പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിച്ചു

എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയ വഴിയാണു മൃതദേഹം പുറത്തേക്കു കൊണ്ടുവന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വിമാനത്താവളത്തില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
മൃതദേഹം കാത്തു പതിനഞ്ചോളം വാഹനങ്ങളാണു വിമാനത്താവളത്തില്‍ നിന്നിരുന്നത്. തുടര്‍ന്നു വാഹനങ്ങളുടെ അകമ്പടിയോടെ പ്രത്യേക ആംബുലന്‍സില്‍ മൃതദേഹം പെണ്‍കുട്ടി താമസിച്ചിരുന്ന മഹാവീര്‍ എന്‍ക്ലൈവില്‍ എത്തിച്ചു. ഇവിടെ അല്‍പ്പസമയം വച്ച ശേഷം ദ്വാരക സെക്റ്റര്‍ 24 ലെ ക്രിമിറ്റോറിയത്തിലേക്കു കൊണ്ടുപോയി. ഞായറാഴ്ച രാവിലെ ഏഴരയോടെ മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷം മൃതദേഹം സംസ്‌കരിച്ചു.
കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരസഹമന്ത്രി ആര്‍.പി.എന്‍. സിംഗ്, മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, വെസ്റ്റ് ഡല്‍ഹി എംപി മഹാബല്‍ മിശ്ര, ഡല്‍ഹി ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കനത്ത സുരക്ഷാ വലയത്തിനുള്ളില്‍ നടന്ന ചടങ്ങില്‍ ഉറ്റബന്ധുക്കളും സര്‍ക്കാരിന്റെ പ്രതിനിധികളും മാത്രമാണ് പങ്കെടുത്തത്.
മാധ്യമങ്ങളെ ചടങ്ങില്‍ നിന്നു മാറ്റിനിര്‍ത്തിയിരുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യത പൂര്‍ണമായി മാനിച്ച് മൃതദേഹത്തിന്റെയോ സംസ്‌കാരത്തിന്റെയോ പെണ്‍കുട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍(എന്‍ബിഎ) നിര്‍ദേശം നല്‍കിയിരുന്നു.
ഡിസംബര്‍ 16നാണു രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. സുഹൃത്തിനൊപ്പം സിനിമ കണ്ടശേഷം രാത്രി പത്തോടെ യുവതി മൂനീര്‍ക്കയിലെ ബസ് സ്റ്റോപ്പില്‍ എത്തിയത്. ദ്വാരകയിലേക്കുള്ള ബസ്‌കാത്തുനിന്ന ഇവരെ അവസാന ബസും കടന്നുപോയെന്നു പറഞ്ഞു ഡ്രൈവര്‍ രാം സിംഗാണു ബസില്‍ കയറ്റിയത്. തുടര്‍ന്നു രാംസിംഗിന്റെ സഹോദരന്‍ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു സുഹൃത്തിനെ കമ്പിവടികൊണ്ടു മര്‍ദിച്ച് അവശനാക്കിയശേഷം യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രതികളെയെല്ലാം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 13 ദിവസം ജീവനുവേണ്ടി പൊരുതിയ പെണ്‍കുട്ടി ഒടുവില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.












Click it and Unblock the Notifications