എംഎം മണിയ്ക്ക് ജാമ്യം

മണി ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ഉപാധികള്‍ വെച്ചിട്ടുണ്ട്. 25,000 രൂപയുടെ സ്വന്തം ജാമ്യത്തിലും തത്തുല്യമായ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.
മണിക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
നേരത്തെ കേസ് പരിഗണിക്കുന്ന നെടുങ്കണ്ടം കോടതിയും തൊടുപുഴ സെഷന്‍സ് കോടതിയും മണിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തൊടുപുഴ കോടതിയില്‍ രണ്ടു തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും രണ്ടു തവണയും പ്രോസിക്യൂഷന്‍ എതിര്‍ത്തതിനെ തുടര്‍ന്ന് തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
വിവാദമായ മണക്കാട് പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ 21 നാണ് മണി അറസ്റ്റിലായത്. തൊടുപുഴ മണക്കാട് സിപിഎമ്മിന്റെ രാഷ്ടീയ വിശദീകരണയോഗത്തില്‍ പ്രസംഗിക്കവേ രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി വകവരുത്തിയിട്ടുണ്‌ടെന്നായിരുന്നു മണി പ്രസംഗിച്ചത്. ഇതേ തുടര്‍ന്ന് പോലീസ് അഞ്ചേരി ബേബി വധം ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ വീണ്ടും അന്വേഷിക്കുകയായിരുന്നു.
കുറ്റാരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കസ്റ്റഡിയില്‍ കഴിഞ്ഞ കാലാവധി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു മണിയുടെ ആവശ്യം. മണിയുടെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ ദിവസം നെടുങ്കണ്ടം കോടതി ജനുവരി 14 വരെ നീട്ടിയിരുന്നു.
്പീരുമേട് സബ് ജയിലിലാണ് അദ്ദേഹം ഇപ്പോള്‍. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ജയിലില്‍ ലഭിച്ചാലുടന്‍ അദ്ദേഹം പുറത്തിറങ്ങും.












Click it and Unblock the Notifications