ഹരിഹരവര്‍മയുടെ സുഹൃത്ത് അറസ്റ്റില്‍
തിരുവനന്തപുരം: രത്‌നവ്യാപാരി ഹരിഹരവര്‍മ്മ കൊലക്കേസില്‍ വര്‍മ്മയുടെ സുഹൃത്തും അഭിഭാഷകനുമായ ഹരിദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹരിദാസിന്റെ അറസ്റ്റ്്.
ബാംഗ്ലൂരിലെ പ്രഫഷനല്‍ കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവര്‍ നടത്തിയിരുന്ന സത്ക്കാരങ്ങളില്‍ ഹരിദാസ് പങ്കെടുത്തിരുന്നെന്നു പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചു.
ഹരിദാസിന്റെകൂടി അറിവോടെയാണ് ഹരിഹരവര്‍മ്മയെ കുടുക്കിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായാണ് അറിയുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഹരിദാസിനെ ഞായറാഴ്ച അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
രാത്രി വൈകിയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹരിദാസിന്റെ മകളുടെ നെട്ടയത്തെ വീട്ടില്‍വെച്ചാണ് ഹരിഹരവര്‍മ്മ കൊല്ലപ്പെട്ടത്. ഹരിദാസിന്റെ ഫോണ്‍ സംഭാഷണങ്ങളുടെ ചുവടുപിടിച്ചു നടത്തിയ അന്വേഷണത്തിലാണു നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചത്.
പ്രതികളുമായി രഹസ്യധാരണയുണ്ടായിരുന്ന ഹരിദാസ് പൊലീസിനെ മനപ്പൂര്‍വം വഴിതെറ്റിക്കാന്‍ ശ്രമിച്ചിരുന്നതായി അന്വേഷണസംഘം പറഞ്ഞു. ഹരിദാസിന്റെ കാറിലായിരുന്നു മൂന്നംഗ സംഘം നെട്ടയത്തെ വീട്ടിലെത്തിയത്.
വര്‍മ്മയെ മയക്കാനുള്ള പാനീയ നല്‍കിയതും തുടര്‍ന്ന് ക്ലോറോഫോം മണപ്പിച്ചതുമെല്ലാം ഹരിദാസിന്റെ അറിവോടെയാണെന്നാണ് കരുതുന്നത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ ഹരിദാസിനെയും മകനെയും പലവട്ടം ചോദ്യം ചെയ്തിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. തന്നെയും ക്ലോറോഫോം മണപ്പിച്ചു ബോധരഹിതനാക്കി കെട്ടിയിട്ടെന്നും കെട്ടുകള്‍ അഴിച്ചശേഷം പിന്‍വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു എന്നുമാണു ഹരിദാസ് പൊലീസിനോടു പറഞ്ഞിരുന്നത്. പക്ഷേ ചോദ്യംചെയ്യലില്‍ പരസ്പരവിരുദ്ധ മൊഴികള്‍ നല്‍കിയ ഇയാള്‍ ആദ്യമേ പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു.
അതിനിടെ, കേസില്‍ നേരത്തെ അറസ്റ്റിലായ അഞ്ചുപ്രതികളെയും കോടതി റിമാന്‍ഡു ചെയ്തു. തലശ്ശേരി എരഞ്ഞോളി മൂര്‍ക്കോത്ത് ഹൗസില്‍ എം ജിതേഷ്(33), കുറ്റിയാടി കോവുമ്മള്‍ ഹൗസില്‍ അജീഷ്(27), തലശ്ശേരി നിര്‍മ്മലഗിരികൈതേരി സൂര്യഭവനില്‍ രഖില്‍(24), ചാലക്കുടി കുട്ടിക്കട കൈനിക്കര വീട്ടില്‍ രഗേഷ്(21), കൂര്‍ഗ് സിദ്ധാപൂരില്‍ നെല്ലതിക്കേരി കോട്ടയ്ക്കല്‍ ഹൗസില്‍ ജോസഫ്(20) എന്നിവരെയാണ് റിമാന്‍ഡു ചെയ്തത്.












Click it and Unblock the Notifications