കൊച്ചി മെട്രോ ഡിഎംആര്‍സിയ്ക്ക് തന്നെ

പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ടെന്‍ഡര്‍ നടപടികളും ഡിഎംആര്‍സി നിര്‍വഹിക്കും. ഇതിനു വേണ്ട സാങ്കേതിക സഹായവും ഡിഎംആര്‍സി നല്‍കും. ഇ. ശ്രീധരന്‍ കൊച്ചി മെട്രോയുടെയും ഡിഎംആര്‍സിയുടെയും മുഖ്യ ഉപദേഷ്ടാവായി തുടരുമെന്നും മന്ത്രി അറിയിച്ചു.
ഒരു മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ കേന്ദ്ര സര്‍ക്കാരും കേരളവും ഒപ്പുവയ്ക്കും. ഇതുകഴിഞ്ഞാല്‍ പദ്ധതിയുടെ വേഗം വര്‍ധിപ്പിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിയ്ക്കുന്നതെന്നും കമല്‍നാഥ് പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഡിഎംആര്‍സി എംഡി മങ്കു സിംഗ്, ഇ. ശ്രീധരന്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കൊച്ചി മെട്രോയ്ക്കു ചെയ്തു തന്ന സഹായങ്ങള്‍ക്കു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കമല്‍നാഥിനെ നന്ദി അറിയിച്ചു. ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ സമയബന്ധിതമായി കൊച്ചി മെട്രോ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിശദമായ പദ്ധതി രേഖ ഡിഎംആര്‍സി തയാറാക്കും. ടെന്‍ഡര്‍ നടപടികള്‍ തയാറാക്കുന്നതും നടപ്പാക്കുന്നതും ഡിഎംആര്‍സി ആയിരിക്കും. ഇതിനു കൊച്ചി മെട്രോ കോര്‍പ്പറേഷന്‍ അനുവദിക്കുന്ന തുക സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. ഇതോടെ സംസ്ഥാനം മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും കേന്ദ്രവും ഡിഎംആര്‍സിയും അംഗീകരിച്ചിരിക്കുകയാണ്. പദ്ധതി നടത്തിപ്പിനുള്ള പൂര്‍ണ അധികാരം തനിക്ക് നല്‍കിയിട്ടുണ്‌ടെന്നും തീരുമാനത്തില്‍ സന്തോഷമുണ്‌ടെന്നും യോഗത്തിനു ശേഷം ശ്രീധരന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
ആറുമാസം മുമ്പ് കേന്ദ്രാനുമതി ലഭിച്ച കൊച്ചി മെട്രോ പദ്ധതി വൈകുന്നതുമൂലം ഇതുവരെ നൂറ് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications