ജവാന്റെ മൃതദേഹത്തില്‍ ബോംബ് കെണി
റാഞ്ചി: ജാര്‍ഖണ്ഡിലെ ലതേഹര്‍ ജില്ലയില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മൃതദേഹത്തിനുള്ളില്‍ ബോംബ് കണ്ടെത്തി. റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനിടെയാണ് രണ്ട് മൃതദേഹങ്ങളില്‍ നിന്ന് ബോംബ് കണ്ടെത്തിയത്. വയറിനുള്ളിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്.
കോണ്‍സ്റ്റബിള്‍ ബാബുലാല്‍ പട്ടേലിന്റെ (29) ശരീരത്തിനുള്ളില്‍ നിന്ന് ഒന്നര കിലോ ഭാരം വരുന്ന ബോംബാണു കണ്ടെത്തിയത്.
മൃതദേഹം തുന്നിയ നിലയിലായിരുന്നു. ഇത് കണ്ട് സംശയം തോന്നി എക്‌സ്‌റേ സ്‌കാനര്‍ വഴി കടത്തി മൃതദേഹം പരിശോധിച്ചപ്പോഴാണ് ബോംബ് കണ്ടെത്തിയത്. ഇതു പിന്നീടു നിര്‍വീര്യമാക്കി.
റാഞ്ചിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ഭെല്‍വാഹി മലമുകളില്‍ നടന്ന ഏറ്റുമുട്ടലില്‍ 17 പേരാണു കൊല്ലപ്പെട്ടത്. 16 പോലീസുകാര്‍ക്കും ഏറ്റുമുട്ടലില്‍ പരുക്കേറ്റിരുന്നു. ഇതില്‍ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ മാവോവാദികള്‍ മാറ്റിയിരുന്നു. തുടര്‍ന്നു രണ്ടു ദിവസത്തെ തെരച്ചിലിനു ശേഷം ഇവ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
രണ്ടു മൃതദേഹങ്ങള്‍ക്കടിയില്‍ കുഴിബോംബ് സ്ഥാപിച്ചിരുന്നു. ഇതറിയാതെ മൃതദേഹം എടുത്തു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയും രണ്ടു ഗ്രാമവാസികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണു മൃതദേഹത്തിനുള്ളില്‍ ബോംബ് കണ്ടെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചിരുന്നുവെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു. ഐഇഡി ഉപയോഗിച്ചു സ്‌ഫോടനം നടത്താനായിരുന്നു പദ്ധതിയെന്നാണ് പൊലീസിന്റെ നിഗമനം.












Click it and Unblock the Notifications