കുറ്റിപ്പുറം മദ്യദുരന്തം എക്‌സൈസിന്റെ വീഴ്ച
തിരുവനന്തപുരം: ഇരുപത്തിയാറു പേരുടെ മരണത്തിനിടയാക്കിയ കുറ്റിപ്പുറം വിഷമദ്യ ദുരന്തത്തിനിടയാക്കിയത് എക്‌സൈസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് രാജേന്ദ്രന്‍ നായര്‍ കമ്മിഷന്റെ അന്തിമ റിപ്പോര്‍ട്ട്.
എക്‌സൈസ് സംഘത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് കമ്മിറ്റി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിച്ചു. എക്‌സൈസ് സംഘത്തിന്റെ പൂര്‍ണ്ണ അറിവോടെയാണ് ദുരന്തമുണ്ടായ ഷാപ്പുകളില്‍ വിഷമദ്യം വിറ്റിരുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
അമിത ലാഭം പ്രതീക്ഷിച്ച് രാസവസ്തുക്കള്‍ ചേര്‍ത്ത് മദ്യം വിറ്റതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. നാല് ഷാപ്പുകളില്‍ നിന്നുള്ള മദ്യമാണ് ദുരന്തമുണ്ടാക്കിയത്. ദുരന്തത്തില്‍ രാഷ്ട്രീയ അട്ടിമറിയില്ലെന്നും വിഷക്കള്ള് വില്‍ക്കുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തള്ളിയതാണ് വീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നു.
ദുരന്തത്തില്‍ കുറ്റക്കാരെന്ന് നേരത്തെ കണ്‌ടെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരായ ജയകുമാര്‍ ഗിരീഷ് എന്നിവരുടെ ഭാഗത്തുനിന്നും കാര്യമായ വീഴ്ചയുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിനാമി പേരുകളില്‍ ഷാപ്പുകള്‍ ഏല്‍പിക്കുന്ന പതിവ് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍ തൊഴിലാളികളെ ഷാപ്പ് ഏല്‍പിക്കുകയോ സര്‍ക്കാര്‍ നേരിട്ട് നടത്തുകയോ ചെയ്യണമെന്നും നിര്‍ദേശിക്കുന്നു. 2010 സെപ്തംബറിലാണ് മലപ്പുറത്ത് കുറ്റിപ്പുറത്തും വണ്ടൂരും വിഷമദ്യ ദുരന്തമുണ്ടായത്. ഷാപ്പുകോണ്‍ട്രാക്ടറായ ദ്രവ്യന്‍ ആണ് ഒന്നാം പ്രതി.












Click it and Unblock the Notifications