കാസര്‍ക്കോട് വെള്ളക്കാക്കയെ കണ്ടെത്തി

മാധ്യമപ്രവര്‍ത്തകനായ പൂച്ചോലിലെ ചന്ദ്രദാസിന്റെ ഭാര്യ അനിതയാണ് അവശനിലയില്‍ വീട്ടുപരിസരത്ത് എത്തിയ വെള്ളക്കാക്കയെ കണ്ടെത്തിയത്. വീടിന് സമീപത്തെ മരത്തിന്റെ മുകളില്‍ നിന്നും വീണതിനെ തുടര്‍ന്ന് ഇതിന്റെ വലത്തെ ചിറക് ഒടിഞ്ഞിട്ടുണ്ട്. ഇതിനാല്‍ പറക്കാന്‍ കഴിയാതെ അവശനിലയിലായിരുന്നു വെള്ളക്കാക്ക.
അനിതയും അവരുടെ മകളും ചേര്‍ന്ന് കാക്കയെ എടുത്ത് വെള്ളവും ആഹാരവും നല്‍കിയശേഷം തൊട്ടടുത്തുള്ള വെറ്ററിനറി ഹോസ്പിറ്റലില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ടി എം സി ഇബ്രാഹിം വെള്ളക്കാക്കയെ ആശുപത്രിയില്‍ എത്തിച്ച് ആവശ്യമായ ശുശ്രൂഷകള്‍ നല്‍കുകയാണ്. പൂര്‍ണ വളര്‍ച്ചയെത്താത്ത ഈ കാക്കയുടെ കണ്ണ് ഒഴികെയുള്ള എല്ലാ ഭാഗങ്ങളും വെള്ള നിറത്തലാണ്. കണ്ണിന് ചാരനിറമാണ്.
അപൂര്‍വമായി സംഭവിക്കുന്ന ജനിതക വൈകല്യമാണ് കാക്കയുടെ നിറവ്യത്യാസത്തിന് കാരണമെന്ന് മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടര്‍മാരും പറയുന്നു. കാക്കകളുടെ മുഴുവന്‍ എണ്ണത്തിന്റെ ഒരു ശതമാനത്തില്‍ താഴെയാണ് ഇത്തരത്തിലുള്ള കൗതുകകരമായ പ്രതിഭാസമുണ്ടാവുക. ഇതിനാല്‍ അപൂര്‍വ്വമായി പലയിടത്തും വെള്ളക്കാക്കകളെ കാണാനായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. പരിക്ക് ഭേദമായാലുടന്‍ ചികിത്സയിലുള്ള വെള്ളക്കാക്കയെ തുറന്നുവിടുമെന്നും മൃഗാശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications