സ്‌കൂള്‍ കലോത്സം: കോഴിക്കോട് മുന്നേറ്റം തുടരുന്നു
മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ല സ്വര്‍ണക്കപ്പിന് വേണ്ടിയുള്ള കുതിപ്പ് തുടരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് 377 പോയിന്റുകളാണുള്ളത്. തൊട്ടുപിറകിലുള്ള പാലക്കാട് ജില്ലയ്ക്ക് 367 പോയിന്റും മൂന്നാം സ്ഥാനത്തുള്ള തൃശൂരിന് 364 പോയിന്റുകളുമുണ്ട്. നാലാം സ്ഥാനത്തുള്ള കണ്ണൂരിന് 359 പോയിന്റുകളും അഞ്ചാംസ്ഥാനത്തുള്ള മലപ്പുറത്തിന് 354 പോയിന്റുകളുമുണ്ട്. രണ്ടാം സ്ഥാനത്തേക്കുള്ള പോരാട്ടമാണ് ഇക്കുറി കടുത്തിരിക്കുന്നതെന്ന് കലോത്സവത്തിലെ പോയിന്റ് നില വ്യക്തമാക്കുന്നു.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് ആധിപത്യം തുടരുകയാണ്. 192 പോയിന്റാണ് കോഴിക്കോടിന്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 190 പോയിന്റുകളും മൂന്നാം സ്ഥാനത്തുള്ള തൃശൂരിന് 185 പോയിന്റുകളുമുണ്ട്. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കോഴിക്കോട് 185 പോയിന്റുകളോടെ ഒന്നാമതാണ്. രണ്ടാം സ്ഥാനത്തുള്ള കണ്ണൂരിന് 181 പോയിന്റുകളാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ആലപ്പുഴ ജില്ലയ്ക്ക് 180 പോയിന്റുകളുണ്ട്.സംസ്‌കൃതോത്സവത്തില്‍ ആറ് ജില്ലകള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.എറണാകുളം, കോഴിക്കോട്, കോട്ടയം, പാലക്കാട്, കണ്ണൂര്‍, കൊല്ലം ജില്ലകളാണ് മികച്ച പ്രകടനം നടത്തുന്നത്. അറബിക് കലോത്സവത്തിലും കടുത്ത പോരാട്ടം നടക്കുകയാണ്. പാലക്കാട്, കോഴിക്കോട്, മലപ്പുറം, എറണാംകുളം, തൃശൂര്‍ ആലപ്പുഴ, കൊല്ലം, കാസര്‍കോട് ജില്ലകള്‍ ഒപ്പത്തിനൊപ്പം പൊരുതുകയാണ്.
മാര്‍ഗംകളി മത്സരത്തില്‍ പങ്കെടുത്ത 22 ടീമുകളും എ ഗ്രേഡ് നേടിയത് ശ്രദ്ധേയമായി. 14 ജില്ലകളില്‍നിന്നെത്തിയ ടീമുകള്‍ക്ക് പുറമെ എട്ട് ടീമുകള്‍ അപ്പീലില്‍ എത്തിയിരുന്നു. സംസ്ഥാന കലോത്സവത്തില്‍ ആദ്യമായി അരങ്ങേറുന്ന വഞ്ചിപ്പാട്ട് മത്സരത്തില്‍ മൂന്ന് അപ്പീലുകള്‍ ഉള്‍പ്പെടെ 17 ടീമുകള്‍ മത്സരിച്ചു. പുതിയ മത്സരയിനമായതിനാല്‍ ആശയക്കുഴപ്പങ്ങളും പരാതികളും വഞ്ചിപ്പാട്ട് മത്സരത്തെ വാശിയേറിയതാക്കി.

കലോത്സവവേദികളിലുള്ള ജനപങ്കാളിത്തം ഇക്കുറി എടുത്തുപറയേണ്ട സംഗതിയാണ്. നൃത്തയിനങ്ങള്‍, നാടകം, മിമിക്രി, മോണോ ആക്ട് തുടങ്ങിയ ജനപ്രിയ ഇനങ്ങള്‍ക്ക് എല്ലാക്കൊല്ലവും കാണികള്‍ തിങ്ങിനിറയുമെങ്കിലും ഗ്ലാമര്‍ കുറഞ്ഞ ഇനങ്ങള്‍ക്ക് കാണികള്‍ കുറവായിരിക്കും. എന്നാല്‍ ഇക്കൂറി കലോത്സവം അരങ്ങേറുന്ന പതിനേഴ് വേദികളിലും വന്‍ ജനക്കൂട്ടമാണ്. അക്ഷരാര്‍ത്ഥത്തില്‍ മലപ്പുറം ജില്ലയിലെ ജനങ്ങളൊന്നാകെ കലോത്സവ നഗരിയിലേക്ക് ഒഴുകിയെത്തിയിരിക്കുകയാണ്. പതിനേഴ് വേദികളിലും കലാമത്സരങ്ങള്‍ അത്യന്തം വാശിയോടെ അരങ്ങേറുകയാണ്.
കണ്ണൂര്‍ എടൂര്‍ സെന്റ് മേരീസ് സ്‌കൂള്‍ അവതരിപ്പിച്ച 'പൊറോട്ട' എന്ന നാടകം ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ കാണികള്‍ക്ക് വേദിയില്‍ നിന്ന് നല്ല ചൂട് പൊറോട്ട കഴിച്ച തൃപ്തിയായി. ഒന്നാം സ്ഥാനത്തെത്തുക മാത്രമല്ല, മികച്ച ജനപ്രിയ നാടകമെന്ന പെരുമയും പൊറോട്ടയ്ക്ക് കിട്ടി. സമൂഹത്തില്‍ നിലനില്‍ക്കുന്ന കാപട്യങ്ങളെയും തെറ്റായ വിദ്യാഭ്യാസരീതിയെയും ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് കണ്ണൂരിലെ ഈ കൊച്ചുമിടുക്കന്മാര്‍.
കലോത്സവത്തിന്റെ മൂന്നാംദിനമായ ബുധനാഴ്ച പ്രധാന വേദിയായ എം എസ് പി ഗ്രൗണ്ടില്‍ നടന്ന ഒപ്പന മത്സരം കാണാന്‍ മലപ്പുറമൊന്നാകെ ഒഴുകിയെത്തിയത് സംഘാടകരെ മാത്രമല്ല മാധ്യമപ്രവര്‍ത്തകരെയും മലപ്പുറത്തിന് പുറത്തുനിന്നെത്തിയവരെയും അത്ഭുതപ്പെടുത്തി. മലപ്പുറം ഇന്നുവരെ കണ്ടിട്ടില്ലാത്തവിധത്തിലുള്ള ജനക്കൂട്ടമായിരുന്നു മലപ്പുറത്തിന്റെ സ്വന്തമായ ഒപ്പന കാണാനെത്തിയത്. തുടക്കത്തിലുള്ള പാളിച്ചകളെല്ലാം തിരുത്തി സംസ്ഥാന സ്‌കൂള്‍ കലോത്സവം മലപ്പുറത്ത് ഉഷാറായി മുന്നേറുകയാണ്.












Click it and Unblock the Notifications