റേഷനരിയില്‍ പൊട്ടാഷും യൂറിയയും
കല്‍പറ്റ: റേഷനരിയില്‍ നിന്ന് പുഴുവും പാറ്റയും കല്ലുമൊക്കെ കിട്ടുക സാധാരണം. എന്നാല്‍ അരിയില്‍ രാസവളങ്ങളായ പൊട്ടാഷും യൂറിയയും കിട്ടിയാലോ? റേഷനരി കഴിക്കുന്നവര്‍ക്ക് പുഷ്ടിയുണ്ടാകട്ടെന്ന് കരുതി അരിയില്‍ രാസവളം ചേര്‍ത്താണെന്ന് കരുതുക വയ്യ. വയനാട് മേപ്പാടിയിലാണ് റേഷന്‍ കടയില്‍ നിന്നും വിതരണം ചെയ്ത അരിയില്‍ രാസവളം കണ്ടെത്തിയതായി പരാതിയുള്ളത്. മേപ്പാടി പഞ്ചായത്തിലെ നെല്ലിമാളത്തെ റേഷന്‍ കടയില്‍ നിന്നും വാങ്ങിയ അരിയിലാണ് യൂറിയ, പൊട്ടാഷ്, സിമന്റ് കല്ല് തുടങ്ങിയവ കണ്ടെത്തിയത്.
പ്രദേശവാസിയായ കുഞ്ഞന്‍ എന്നയാളാണ് രണ്ടുദിവസം മുന്‍പ് അരി വാങ്ങിയത്. വീട്ടില്‍ കൊണ്ടുപോയി പാചകം ചെയ്യാനായി എടുത്തപ്പോഴാണ് അരിയില്‍ മാലിന്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ രാസവളമാണെന്ന് വ്യക്തമായി. അരി തിരികെ റേഷന്‍ കടയിലെത്തിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ റേഷന്‍ കട ഉപരോധിച്ചു. ആരോഗ്യവകുപ്പധികൃതര്‍ പരിശോധന നടത്തണമെന്നും ഈ അരി ഉപയോഗിച്ചവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഡി വൈ എഫ് ഐക്കാരുടെ സമരം.
തുടര്‍ന്ന് ആരോഗ്യവകുപ്പധികൃതര്‍ സ്ഥലത്തെത്തി കടയില്‍ പരിശോധന നടത്തി. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞാണ് അരി തിരികെയെത്തിച്ചതെന്നും നിരവധിപേര്‍ക്ക് ഇതേ ചാക്കില്‍ നിന്നും അരി നല്‍കിയിട്ടും മറ്റാരും പരാതി ഉന്നയിച്ചിട്ടില്ലെന്നും റേഷന്‍ കടയുടമ പറയുന്നു. റേഷന്‍ കടയില്‍ നിന്ന് കൊടുത്ത അരിയില്‍ രാസവളങ്ങള്‍ ഉണ്ടായതോ അതോ വാങ്ങിയ ആളുടെ സഞ്ചിയില്‍ രാസവളങ്ങളുടെ അംശം ഉണ്ടായിരുന്നോ എന്ന കാര്യം ഇപ്പോഴും സ്ഥിരീകരിക്കാനായിട്ടില്ല.












Click it and Unblock the Notifications