കലോത്സവം: രണ്ടാം സ്ഥാനത്തിന് വേണ്ടി പൊരിഞ്ഞ മത്സരം
മലപ്പുറം: കിരീടപ്പോരാട്ടത്തില്‍ കോഴിക്കോട് അപരാജിതമായ കുതിപ്പ് തുടരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 562 പോയിന്റുകളോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയുള്ള കോഴിക്കോടിന്റെ കുതിപ്പ് തടയാന്‍ മറ്റൊരു ജില്ലയ്ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടാം സ്ഥാനത്തേയ്ക്കുള്ള മത്സരത്തിലാണ് അട്ടിമറികള്‍ നടക്കുന്നത്. കലോത്സവം നാല് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഇതുവരെ രണ്ടാം സ്ഥാനത്തുനിന്നിരുന്ന പാലക്കാടിനെ തൃശൂര്‍ കുറച്ചുനേരത്തിന് മറികടന്നു.
എന്നാല്‍ മണിക്കൂറുകള്‍ക്കകം പാലക്കാട് വീണ്ടും രണ്ടാം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. ഒരു പോയന്റിന്റെ വ്യത്യാസമാണ് ഇരുജില്ലകളും തമ്മിലുള്ളത്. പാലക്കാടിന് 545 പോയിന്റുകളും തൃശൂരിന് 544 പോയിന്റുകളുമാണ്. നാലാം സ്ഥാനത്തുള്ള മലപ്പുറത്തിന് 534 പോയിന്റും അഞ്ചാം സ്ഥാനത്തുള്ള എറണാകുളത്തിന് 525 പോയിന്റുകളുമുണ്ട്. വാദ്യകലകളിലുള്ള ആധിപത്യമാണ് ഇക്കുറിയും പാലക്കാടിനെ തുണച്ചത്.

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ കോഴിക്കോട് ജില്ലയ്ക്ക് വ്യക്തമായ മേല്‍ക്കൈയുള്ളതാണ് ഇത്തവണയും ചാമ്പ്യന്‍പട്ടത്തിന് അവരെ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലെത്താന്‍ സഹായിച്ചത്. പട്ടികയില്‍ നാലാംസ്ഥാനത്തുള്ള മലപ്പുറം മാപ്പിളകലാരൂപങ്ങളിലുള്ള കുത്തക ഇത്തവണയും ആവര്‍ത്തിച്ചാല്‍ ചാമ്പ്യന്‍പട്ടികയില്‍ രണ്ടാമതെത്തിക്കൂടായ്കയില്ല.
കലോത്സവത്തിന്റെ അഞ്ചാം ദിനമായ വെള്ളിയാഴ്ച ഹൈസ്‌കൂള്‍ വിഭാഗം നാടോടിനൃത്തം, തിരുവാതിരകളി, സംഘനൃത്തം, കഥകളി, മോണോ ആക്ട്, പരിചമുട്ട്, ഹയര്‍സെക്കന്ററി വിഭാഗം പൂരക്കളി, കഥകളി, കഥാരചന, കവിതാരചന എന്നീ മത്സരങ്ങള്‍ അരങ്ങേറും. ബുധനാഴ്ച നടന്ന ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മത്സരം കാണാനെത്തിയ ആയിരങ്ങളെ കവച്ചുവയ്ക്കുന്ന തരത്തിലാണ് ഇന്നലെ നടന്ന ഹയര്‍സെക്കന്ററി വിഭാഗം ഒപ്പനയിലും കാണികളെത്തിയത്.
ഇന്നലെ രാവിലെ തുടങ്ങിയ ഹയര്‍സെക്കന്ററി നാടകമത്സരത്തിനും വന്‍ജനക്കൂട്ടമായിരുന്നു കാണികളായെത്തിയത്. പതിനായിരങ്ങള്‍ കലോത്സവ നഗരിയിലേക്ക് ഒഴുകിയെത്തുന്നുണ്ടെങ്കിലും കലോത്സവത്തിന്റെ ക്രമീകരണങ്ങള്‍ മികച്ചതായതിനാല്‍ പരാതികള്‍ കാര്യമായുണ്ടാകുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാക്കാര്യങ്ങളിലും സംഘാടക സമിതി മികച്ച ഫ്രകടനമാണ് നടത്തുന്നത്. മികച്ച നിലവാരം പുലര്‍ത്തുന്ന മത്സരങ്ങള്‍ കാണികളുടെയും മികച്ച അഭിപ്രായം നേടുന്നുണ്ട്. സ്‌കൂപ്പുകള്‍ തേടി മാധ്യമപ്രവര്‍ത്തകര്‍ തലങ്ങും വിലങ്ങും പായുകയാണ്.












Click it and Unblock the Notifications