മാനഭംഗക്കേസുകളില്‍ വധശിക്ഷ വേണ്ട: വര്‍മ കമ്മിറ്റി
ദില്ലി: മാനഭംഗക്കേസുകളില്‍ മരണശിക്ഷ വേണ്ടെന്ന് ജസ്റ്റിസ് ജെ.എസ്. വര്‍മ കമ്മിറ്റി ശിപാര്‍ശ. പ്രതിക്ക് മരണശിക്ഷ നല്‍കുകയല്ല, നിലവിലെ നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടത്. മാനഭംഗ കേസുകളില്‍ ജീവിതാവസാനം വരെ തടവുശിക്ഷ നല്‍കിയാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു.
ബലാത്സംഗം അടക്കമുള്ള സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതിന്റെ യഥാര്‍ഥ കാരണം ഭരണസംവിധാനത്തിന്റെ പരാജയമാണെന്ന് ജസ്റ്റിസ് ജെ എസ് വര്‍മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
മാനഭംഗത്തിന് ശ്രമിച്ച ഒരാളെ സ്വയംരക്ഷക്ക് സ്ത്രീക്ക് കൊല്ലേണ്ടിവന്നാല്‍, ഇന്ത്യന്‍ ശിക്ഷാ നിയമം 100ാം വകുപ്പില്‍ പറയുന്ന ഇളവ് അനുവദിച്ചുകൊടുക്കണം. സ്വയംരക്ഷക്ക് കുറ്റകൃത്യം ചെയ്യുന്ന ഒരാള്‍ക്ക് ഇളവുകള്‍ക്ക് അര്‍ഹതയുണ്ട്. മാനഭംഗം പോലുള്ള ക്രൂരതകള്‍ നടത്തുന്നവരുടെ കാര്യത്തില്‍ 18ല്‍നിന്ന് ജുവനൈല്‍ പ്രായം കുറക്കുന്നതിനോടും വര്‍മ കമ്മിറ്റി വിയോജിച്ചു.
പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ അപഹസിക്കുംവിധം സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത് തടയാനാണ് ആദ്യം ശക്തമായ നടപടി വേണ്ടത്. ഒളിഞ്ഞുനോട്ടക്കാര്‍, യാത്രയ്ക്കിടയില്‍ ശല്യംചെയ്യുന്നവര്‍ എന്നിവരെ സ്ത്രീപീഡനകേസ് ചുമത്തി വിചാരണചെയ്യണം. സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. ലിംഗവിവേചനം അവസാനിപ്പിക്കണം. ഇത്തരം കാര്യങ്ങളില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സിഎജി മാതൃകയില്‍ ഭരണഘടനാ സ്ഥാപനം രൂപീകരിക്കണം.
വനിതകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കേസ് നേരിടുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ സ്വമേധയാ സ്ഥാനമൊഴിയണം. ജാതിപഞ്ചായത്തുകളെ തകര്‍ക്കണം. സംഘര്‍ഷമേഖലകളില്‍ സൈന്യത്തിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന നിയമം പുനഃപരിശോധിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു
വ്യാപക ജനരോഷം ഉണര്‍ത്തിയ ദില്ലി കൂട്ടമാനഭംഗ സംഭവത്തെ തുടര്‍ന്ന്, നിയമഭേദഗതി അടക്കം കര്‍ക്കശ സംവിധാനം രൂപപ്പെടുത്തുന്നതിന് ശിപാര്‍ശ സമര്‍പ്പിക്കുന്നതിനാണ് സുപ്രീംകോടതി റിട്ട. ചീഫ് ജസ്റ്റിസ് ജെ.എസ് വര്‍മയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. ഒറ്റ മാസം കൊണ്ട്, റെക്കോഡ് വേഗത്തില്‍ റിപ്പോര്‍ട്ട് തയാറാക്കിയ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് അടുത്ത മാസം 21ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ വെക്കും.












Click it and Unblock the Notifications