കോണ്‍ഗ്രസുമായുള്ള ധാരണ അവസാനിച്ചു: എന്‍എസ്എസ്

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടുമുള്ള സമീപനം തന്നെയായിരിക്കും ഇനി കോണ്‍ഗ്രസിനോടും സ്വീകരിക്കുകയെന്നും പെരുന്നയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിനു ശേഷം സുകുമാരന്‍ നായര്‍ അറിയിച്ചു.
ശരിദൂരത്തില്‍ നിന്നും സമദൂര സിദ്ധാന്തത്തിലേക്ക് എന്‍.എസ്.എസ് തിരിച്ചുവരും. കോണ്‍ഗ്രസുമായി ഹൈക്കമാന്റ് ഇടപെട്ട് തയ്യാറാക്കിയ ധാരണ അട്ടിമറിച്ചത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒരുപോലെ വഞ്ചിച്ചു. തന്നെ വിമര്‍ശിച്ചവരില്‍ ആര്‍ജ്ജവമുള്ള ഒരു കോണ്‍ഗ്രസ് നേതാവ് പോലുമില്ല. എന്‍.എസ്.എസിനെ ആര്‍ക്കും ഒരു ചുക്കും ചെയ്യാനാവില്ല.
സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനോട് ഇനി മൃദുസമീപമുണ്ടാവില്ല. സമദൂരത്തില്‍ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്രനിലപാടായിരിക്കും എന്‍.എസ്.എസിന് ഇനി ഉണ്ടായിരിക്കുക.
സോണിയാ ഗാന്ധിയുമായി ഉണ്ടാക്കിയ തീരുമാനമാണ് സംസ്ഥാന നേതൃത്വം അട്ടിമറിച്ചത്. എന്‍.എസ്.എസ് സ്വതന്ത്രനിലപാടുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനോട് ഇനി മൃദു സമീപനമില്ല. ഒരു ചതിവ് ആര്‍ക്കും പറ്റാം.
എന്‍.എസ്.എസിനെ വിമര്‍ശിക്കുന്നത് പി.പി തങ്കച്ചനും അതുപോലെ പേരുപറയാന്‍ കൊള്ളില്ലാത്തവരുമാണ്. ഇവരെയൊക്കെ ജനം തള്ളിയതാണ്. എന്‍.എസ്.എസിന്റെ പിന്തുണയുള്ള കാലത്തു മാത്രമാണ് കോണ്‍ഗ്രസ് സംസ്ഥാനം ഭരിച്ചിട്ടുള്ളതെന്ന് ഓര്‍ക്കണമെന്നും സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നല്‍കി.
സൂര്യനെല്ലി കേസില്‍ 16 വര്‍ഷം മുന്‍പ് നല്‍കിയ മൊഴി വസ്തുതാപരമാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സമയത്ത് തന്റെ മുന്നിലുണ്ടായിരുന്ന സത്യം താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. അതിലെ ശരിതെറ്റുകളെ ക്കുറിച്ച് അറിയേണ്ടവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിക്കേണ്ടത്. തന്റെ മൊഴി തെറ്റാണെന്ന് ഇക്കാലമത്രയും ആരും പറഞ്ഞില്ലല്ലോ.
കുര്യന്‍ നിരപരാധിയാണോ തെറ്റുചെയ്‌തോ എന്നെനിക്കറിയില്ല. തന്റെ മുമ്പിലുണ്ടായിരുന്ന തെളിവ് നല്‍കുക മാത്രമാണ് ചെയ്തത്. തന്നെ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കണമെന്ന വി.എസ് അച്യുതാനന്ദന്റെ ആവശ്യം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന സമീപനമാണ്.
താന്‍ ഗുമസ്തനായിരുന്നുവെന്ന വി.എസിന്റെ പരാമര്‍ശം ശരിയല്ല. അതിനേക്കാള്‍ വിദ്യാഭ്യാസ യോഗ്യത തനിക്കുണ്ട്. അതുപറയാനുള്ള യോഗ്യത വി.എസിനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications