കേരളത്തില്‍ ചിക്കന്‍ ബന്ദ്!!

നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു മൊത്തവ്യാപാരികള്‍ ലോഡ് എടുക്കുന്നത് നിര്‍ത്തിയതോടെ ഇറച്ചിക്കോഴി വരവ് പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥയാണ്. സംസ്ഥാനത്ത് അഞ്ചുലക്ഷത്തോളം കിലോ കോഴി ദിവസവും വരുന്നതായാണു കണക്ക്.
ഇതേസമയം കേരളത്തില്‍ വില കുതിച്ചുയരുമ്പോള്‍ തമിഴ്‌നാട്ടില്‍ ഇതേ തോതിലുള്ള വിലവര്‍ധനയില്ല. തമിഴ്‌നാട്ടില്‍ കിലോയ്ക്ക് 82 രൂപ നിരക്കിലാണു കോഴി ലഭിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിലെ പക്ഷിപ്പനി ഭീതിയെത്തുടര്‍ന്നു കേരളത്തില്‍ ഇറച്ചിക്കോഴി നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താനാണ് ഇപ്പോഴത്തെ വിലവര്‍ധനയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്തേക്ക് ഇറച്ചിക്കോഴി കൊണ്ടുവരാന്‍ 13.5% പ്രവേശന നികുതിയാണു നല്‍കേണ്ടത്. കിലോയ്ക്ക് 70 രൂപ കണക്കാക്കിയാണു നികുതി ഈടാക്കുന്നത്. ഏകദേശം 9.50 രൂപ നികുതിയിനത്തില്‍ നല്‍കണം. യാത്രച്ചെലവും ചില്ലറ വില്‍പനക്കാരന്റെ ലാഭവും കണക്കാക്കിയാലും നൂറുരൂപയ്ക്കു വില്‍ക്കാന്‍ സാധിക്കും.
എന്നാല്‍ തമിഴ്‌നാട്ടില്‍ വിലവര്‍ധനയാണെന്നു ചൂണ്ടിക്കാട്ടി കൂടുതല്‍ ലാഭം കൊയ്യുകയാണെന്നാണ് ആരോപണം. തമിഴ്‌നാട് അതിര്‍ത്തിമേഖലകളില്‍ കന്നുകാലികളില്‍ ആന്ത്രാക്‌സ് രോഗം കണ്ടെത്തി എന്ന വാര്‍ത്ത പുറത്തുവന്നതും ഇറച്ചിക്കോഴിയുടെ ഡിമാന്റ് കൂട്ടാനിടയാക്കിയിട്ടുണ്ട്.
പക്ഷിപ്പനിക്കാലത്തെ നഷ്ടം നികത്തുന്നതിനൊപ്പം തമിഴ്‌നാട്ടിലെ പവര്‍കട്ടാണു വിലവര്‍ധനയ്ക്കു മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹാച്ചറികളുടെ പ്രവര്‍ത്തനത്തിനു ജനറേറ്ററുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. കോഴിത്തീറ്റയുടെ വിലവര്‍ധനയാണ് മറ്റൊരു ഘടകം.
കേരളത്തില്‍ പത്ത് ലക്ഷത്തോളം കിലോ ചിക്കന്‍ ഒരു ദിവസം ചെലവാകുന്നുണ്ടെന്നാണ് കണക്കുകള്‍. ചിക്കന്‍ കിട്ടാക്കനിയാകുന്നതോടെ തീന്‍മേശയില്‍ നിന്നും തത്കാലത്തേക്കെങ്കിലും ചിക്കന്‍ വിഭവങ്ങള്‍ അപ്രത്യക്ഷമാകും.












Click it and Unblock the Notifications