സൂര്യനെല്ലിയില്‍ തുടരന്വേഷണം വേണം:വിഎസ്

സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യന്‍ പറഞ്ഞത് നാലു മണി മുതല്‍ എട്ടു മണിവരെ സുഹൃത്ത് ഇടിക്കുളയുടെ വീട്ടില്‍ ഉണ്ടായിരുന്നെന്നാണ്. എന്നാല്‍ കുര്യന്‍ മുക്കാല്‍ മണിക്കൂറിനുള്ളില്‍ വീട്ടില്‍ നിന്ന് പോയി എന്ന ഇടിക്കുളയുടെ ഭാര്യ അന്നമ്മയുടെ വെളിപ്പെടുത്തല്‍ മാത്രം മതി കുര്യന്‍ പറഞ്ഞത് വാസ്തവവിരുദ്ധമാണെന്ന് മനസിലാക്കാന്‍. ഇത് തെളിവായി കണ്ട് സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകണം.
അഞ്ചേരി ബേബി വധക്കേസ്, ജയകൃഷ്ണന്‍ വധം തുടങ്ങിയ കേസിലെല്ലാം തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ട സര്‍ക്കാര്‍ സൂര്യനെല്ലി കേസില്‍ തുടരന്വേഷണത്തിന് മടിച്ചു നില്‍ക്കുന്നത് എന്തിനാണെന്നും വി.എസ്.ചോദിച്ചു. കുര്യനെതിരെ അന്വേഷണത്തിന് ഉത്തരവിടണം എന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ വനിതകളെ തടഞ്ഞ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സൂര്യനെല്ലി കേസ് വ്യതസ്തമാണെന്ന് മറുപടി നല്‍കിയ ആഭ്യന്തരമന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. അഞ്ചേരി ബേബി വധക്കേസും ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസും തുടരന്വേഷിക്കുന്നപോലെ സൂര്യനെല്ലികേസ് അന്വേഷിക്കാന്‍ കഴിയില്ല.
തൊടുപുഴ സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും തീര്‍പ്പ് കല്പിച്ച കേസാണിത്. നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് കേസ് വീണ്ടും അന്വേഷിക്കാന്‍ സാധ്യമല്ല. എന്നാല്‍ പ്രതിപക്ഷ നേതാവും സൂര്യനെല്ലി പെണ്‍കുട്ടിയും നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പുതുതായി എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കാന്‍ അഡ്വക്കേറ്റ്‌സ് ജനറല്‍ ഓഫ് പ്രോസിക്യുഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.












Click it and Unblock the Notifications