പൊലീസ് മര്‍ദ്ദനം: ജുഡീഷ്യല്‍ അന്വേഷണം നടത്തും

രാവിലെ 8.30 ന് സഭ സമ്മേളിച്ചപ്പോള്‍ തന്നെ മുദ്രാവാക്യം വിളികളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധം തുടങ്ങി. പി.ജെ. കുര്യനെതിരെ നിയമനടപടി സ്വീകരിക്കുക, രണ്ടു വനിതാ എംഎല്‍എമാരെ ആക്രമിച്ച പൊലീസുകാരെ സസ്‌പെന്‍ഡ്് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്ലക്കര്‍ഡുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ എത്തിയത്.
നിയമസഭയ്ക്കു മുന്നില്‍ പ്രതിഷേധിച്ച വനിതാ എംഎല്‍എമാരെ പോലീസ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ എംഎല്‍എമാരെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യമറിയിച്ചത്.
ഇ.എസ് ബിജിമോള്‍ എംഎല്‍എ പോലീസ് വാഹനത്തിന് മുന്നില്‍ കിടന്ന് തടസ്സം സൃഷ്ടിക്കുകയായിരുന്നുവെന്ന് മറുപടി നല്‍കിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സമരക്കാര്‍ പോലീസുകാരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഡിജിപി ഹേമചന്ദ്രന്റെ റിപ്പോര്‍ട്ടും നിയമസഭയില്‍ സമര്‍പ്പിച്ചു.
എന്നാല്‍ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. എന്നാല്‍ അക്രമത്തിന് നേതൃത്വം കൊടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. വനിത എംഎല്‍എമാര്‍ ചുറ്റുംനിന്ന് മുദ്രാവാക്യം മുഴക്കിയതോടെ സഭ ബുധനാഴ്ചത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.
നേരത്തെ എംഎല്‍എമാര്‍ക്കെതിരായ അക്രമം ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടെങ്കിലും വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നതിനാല്‍ ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കില്ലെന്ന് സ്പീക്കറുടെ റൂളിങ് വന്നു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തര വേളയോട് സഹകരിച്ചു.












Click it and Unblock the Notifications