കോണ്‍ഗ്രസിന്റെ പോക്ക് ശരിയല്ല: ആന്റണി

കോഴിക്കോട് ഡി സി സി ഓഫീസില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരും അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ കടക്കരുത്. ചില സമയങ്ങളില്‍ ചിലരൊക്കെ ലക്ഷ്മണരേഖ കടക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം വാക്‌പോര് നടത്തുന്നതാണ് കാണുന്നത്.
പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടത്. കെ പി സി സിയിലും ഡി സി സിയിലും കൂടുതല്‍ പ്രാവശ്യം യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. അവിടെയാണ് നേതാക്കള്‍ പാര്‍ട്ടി കാര്യങ്ങള്‍ പറയേണ്ടത്. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാലേ പാര്‍ട്ടി രക്ഷപ്പെടൂ. കോണ്‍ഗ്രസ് ശക്തിപ്പെട്ടാല്‍ യു ഡി എഫും ശക്തിപ്പെടും. നല്ല ഉദ്ദേശ്യശുദ്ധി ഉള്ളതുകൊണ്ടാണ് ഇത്രയും പറയുന്നത്. ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ പൊറുക്കണമെന്നും എ കെ ആന്റണി പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി ലോകത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നാണ്. 127 വയസ്സായാല്‍ വ്യക്തികളായാലും പ്രസ്ഥാനങ്ങളായാലും ക്ഷീണിക്കും. കോണ്‍ഗ്രസ് പോലെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും ഇത്രയും കാലം സജീവമായി നിലനിന്നിട്ടില്ല. കോണ്‍ഗ്രസ്സിന്റെ കാലം കഴിഞ്ഞുവെന്ന് രാഷ്ട്രീയ ജ്യോത്സ്യന്മാര്‍ പല തവണ പ്രഖ്യാപിച്ചതാണ്. എന്നിട്ടും അടുത്തുവരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നുപറക്കുന്നതാണ് കാണുന്നതെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications