ടിപി വധം: വിചാരണ തുടങ്ങുന്നു
കോഴിക്കോട്: സിപിഎമ്മിലെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ട ടിപി ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണയ്ക്ക് തിങ്കളാഴ്ച തുടങ്ങും. അഡീഷനല്‍ സെഷന്‍സ് കോടതി നിശ്ചയിച്ചതനുസരിച്ചു കേസിലെ 284 സാക്ഷികളില്‍ 280 പേരുടെ വിസ്താരമാണ് ഇന്നു മുതല്‍ 48 ദിവസം നടക്കുക.
അന്വേഷണ സംഘാംഗങ്ങളായ നാലു പേരുടെ വിസ്താരം എന്നു വേണമെന്നു കോടതി പിന്നീടു തീരുമാനിക്കും. വള്ളിക്കാട്ട് ടിപിയെ വെട്ടിക്കൊല്ലുന്നതിനു ദൃക്‌സാക്ഷിയായ കെ.കെ. പ്രസീത്, ടിപിയെ ആശുപത്രിയിലെത്തിച്ച വടകര എസ്‌ഐ പി.എം. മനോജ് എന്നിവരെയാണ് തിങ്കളാഴ്ച വിസ്തരിക്കുക.
അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടിക്കു മുന്‍പാകെയാണ് വിസ്താരം. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ 76 പേര്‍ ഉണ്ടായിരുന്നെങ്കിലും രണ്ടു പേര്‍ ഒളിവില്‍ പോവുകയും മറ്റു രണ്ടു പേരെ വിചാരണക്കോടതി പ്രതിസ്ഥാനത്തുനിന്നു നീക്കുകയും ചെയ്തിരുന്നു.
സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ. രാഗേഷ് അടക്കം 15 പേരെ വിചാരണ ചെയ്യുന്നതു ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ ശേഷിക്കുന്ന 57 പേരാണ് നിലവില്‍ വിചാരണ നേരിടേണ്ടത്. ജൂലൈ 31നകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications