ഹെലികോപ്ടര്‍ അഴിമതി-കുറ്റക്കാരെ ശിക്ഷിക്കും:ആന്റണി

എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാരുണ്ടെങ്കില്‍ ശിക്ഷിയ്ക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വ്യോമസേനാ മുന്‍ മേധാവി എസ്.പി ത്യാഗിക്കും ഇടപാടില്‍ പങ്കുണ്ടോ എന്ന ചോദ്യത്തിന്, ആദ്യം അന്വേഷണറിപ്പോര്‍ട്ട് കിട്ടട്ടെ എന്നാണ് ആന്റണി മറുപടി നല്‍കിയത്.
പത്തുവര്‍ഷം നീണ്ട വലിയപ്രക്രിയയായിരുന്നു കരാര്‍. പതിനൊന്നു മാസം മുന്‍പ് ചില കാര്യങ്ങള്‍ അന്വേഷിച്ചതല്ലാതെ അന്വേഷണം സംബന്ധിച്ച് ഇറ്റലി കൂടുതല്‍ കാര്യങ്ങള്‍ ഇന്ത്യയെ അറിയിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു.
ഇടപാടില്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇറ്റലി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ ത്യാഗിയുടെ പങ്കിനെക്കുറിച്ച് സൂചനയുള്ളതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ത്യാഗിയുടെ അടുത്ത ബന്ധുക്കളായ ജൂലി, ഡോക്‌സ, സന്ദീപ് ത്യാഗി എന്നിവര്‍ക്ക് ഒരു ലക്ഷം യൂറോ വീതം ഇറ്റാലിയന്‍ കമ്പനി കോഴ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ആരോപണം എസ്.പി ത്യാഗി നിഷേധിച്ചു. താന്‍ വിരമിച്ച് മൂന്നു വര്‍ഷത്തിന് ശേഷമാണ് കരാറുണ്ടായതെന്നും തന്റെ ബന്ധുക്കള്‍ക്കാര്‍ക്കും കരാറുമായി ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിലെ വിഐപികള്‍ക്ക് സഞ്ചരിക്കാന്‍ ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിന് പ്രതിരോധമന്ത്രാലയത്തിലെ ചിലര്‍ 362 കോടി രൂപയോളം കോഴ കൈപ്പറ്റിയെന്ന വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
ഫിന്‍മെക്കാനിക്ക കമ്പനിയുടെ തലവനെ ഇറ്റലിയിലെ മിലാനില്‍ അറസ്റ്റു ചെയ്തിരുന്നു.












Click it and Unblock the Notifications