വരുന്നൂ കാശ്മീരില്‍ അദ്ഭുതപ്പാലം
ഭൂമിയിലെ സ്വര്‍ഗമെന്നറിയപ്പെടുന്ന കാശ്മീരിന്റെ പ്രശസ്തിക്ക് മാറ്റുകൂട്ടാന്‍ ലോകാദ്ഭുതപട്ടികയില്‍ ഇടംനേടുന്ന പാലം വരുന്നു. ലോകത്തെ ഏറ്റവും ഉയരംകൂടിയ ഭാഗത്തെ റെയില്‍പ്പാലമെന്ന പ്രശസ്തിയുമായി ചെനാബ് പാലം 2016നകം പൂര്‍ത്തിയാകും. ജമ്മു കാശ്മീരിലെ റിയാസി ജില്ലയില്‍ ചെനാബ് നദിക്ക് കുറുകെയാണ് പാലം നിര്‍മിക്കുന്നത്.
കാശ്മീരിലത്തെുന്ന വിനോദസഞ്ചാരികള്‍ക്ക് ആശ്ചര്യപ്പെടാന്‍ ഒരവസരംകൂടി ഒരുക്കും ഈ ഭീമന്‍ പാലം. ഉധംപൂര്‍ കാട്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന പാതയിലാണ് പാലം നിര്‍മിക്കുന്നത്. ദില്ലിയിലെ കുത്തബ്മീനാറിന്റെ അഞ്ചിരട്ടി ഉയരമുള്ളതാകും പാലം. നദിയില്‍നിന്ന് 359 മീറ്റര്‍ ഉയരത്തിലൂടെയാകും പാത കടന്നുപോകുക. 1.31 കിലോമീറ്റര്‍ നീളത്തില്‍ ആര്‍ച്ച് മാതൃകയിലാകും നിര്‍മാണം. ഭൂചലനം, സ്‌ഫോടനം എന്നിവക്കൊന്നും പാലത്തെ ഇളക്കാനാവില്ലെന്ന് ഉദ്ധംപൂര്‍ ശ്രീനഗര്‍ ബാരാമുള്ള റെയില്‍ ലിങ്ക് പ്രോജക്ട് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ബി.ഡി. ഗാര്‍ഗ് പറഞ്ഞു.

പാലത്തില്‍ കാറ്റിന്റെ വേഗം അളക്കാനുള്ള യന്ത്രമടക്കം ഘടിപ്പിച്ചശേഷമാണ് തീവണ്ടിക്ക് അതുവഴി പോകാന്‍ പച്ചവെളിച്ചം തെളിയുക. കാറ്റിന്റെ വേഗത്തിനനുസരിച്ച് വണ്ടിയുടെ വേഗം നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും മറ്റൊരു പ്രത്യേകതയാണ്. അപകടകരമായ വേഗതയില്‍ കാറ്റുവീശുമ്പോള്‍ അതവസാനിക്കുംവരെ ട്രെയിന്‍ ഓട്ടത്തിന് വിലക്ക് വീഴും. 120 വര്‍ഷത്തെ ആയുസ്സ് പ്രവചിച്ച് പ്രവര്‍ത്തനം തുടങ്ങാനുദ്ദേശിക്കുന്ന പാലത്തിന് മുകളിലൂടെ 100 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാവും. കഠിനമായ പ്രവൃത്തികളിലൂടെ അദ്ഭുതം കാട്ടിയ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനാണ് ചെനാബ് പാലത്തിന്റെ നിര്‍മാണ ചുമതല.












Click it and Unblock the Notifications