കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്ക് സമരമല്ല, സമരാഭാസം!

  • By സമദ് മേത്തര്‍
Google Oneindia Malayalam News

അസുഖം മാറ്റാന്‍ രോഗിയുടെ തലവെട്ടിയെടുക്കുന്നവരെ പോലെയാണ് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ പിന്തുണക്കാരായ തൊഴിലാളി യൂണിയനുകളും. എന്തെങ്കിലും കിട്ടാന്‍ ചെന്നായ്ക്കളെപ്പോലെ കാത്തിരിക്കുകയാണ് ഇവര്‍. ഉടന്‍ തെരുവിലിറങ്ങും. പിന്നെ വഴിതടയല്‍, പണിമുടക്ക്, ഹര്‍ത്താല്‍, ബന്ദ്, കടയടപ്പ്, കല്ലെറിയല്‍, ഭീഷണിയും കയ്യേറ്റവും എന്നുവേണ്ട എല്ലാം സാധാരണക്കാരായ പൗരന്മാരുടെ നെഞ്ചത്ത്. ഇത്തവണ 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ രാജ്യം സ്തംഭിപ്പിക്കാനാണ് തൊഴിലാളി സംഘടനകളും സംയുക്ത സമരസമിതി തീരുമാനിച്ചിറങ്ങിയത്. (പണിമുടക്കുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ക്ക്)

വിലക്കയറ്റം തടയുക, തൊഴിലും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുക, പൊതുമേഖലയെ സംരക്ഷിക്കുക, സ്ഥിരം തൊഴിലാളികള്‍ക്ക് നല്‍കുന്ന കൂലിയും ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കും നല്‍കുക, മിനിമം വേതനം 10,000 രൂപയാക്കുക, ബോണസ്-പി എഫ് പരിധി ഉപേക്ഷിക്കുക, ഗ്രാറ്റുവിറ്റി തുക വര്‍ദ്ധിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, ട്രേഡ് യൂണിയന്‍ രജിസ്‌ട്രേഷന്‍ 45 ദിവസത്തിനുള്ളില്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാജ്യമൊട്ടാകെ പണിമുടക്ക് അരങ്ങേറിയത്.

General Strike

മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ നടപ്പാക്കാര്‍ ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ തടഞ്ഞുവച്ചതുകൊണ്ട് എന്താണ് പ്രയോജനമുണ്ടായതെന്ന് സമരത്തിനിറങ്ങിയവര്‍ ഒന്ന് കണക്കെടുത്താല്‍ നല്ലത്! മുകളില്‍ പറഞ്ഞ ആവശ്യങ്ങളൊക്കെ അനുവദിച്ചുതരേണ്ട രാജ്യത്തെ പ്രധാനമന്ത്രിയെയും പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്ന സോണിയാഗാന്ധിയെയും സോണിയാഗാന്ധിയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്ന രാഹുല്‍ ഗാന്ധിയെയും പിന്നെ രാജ്യഭരണം കൂടിയിരുന്നാലോചിക്കുന്നുവെന്ന് നാമൊക്കെ കരുതുന്ന കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, പി ചിദംബരം, ജയറാം രമേശ്, കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്, വീരപ്പ മോയ്‌ലി, വയലാര്‍ രവി... (തല്‍ക്കാലം ഇവിടെ നിര്‍ത്തട്ടെ, മുഴുവന്‍ മന്ത്രിമാരുടെയും പേരടിക്കാന്‍ ഒന്നര പേജ് വേണ്ടി വരും) ഇവരുടെയൊക്കെ മുകളില്‍ ഭരണഘടനാപ്രകാരം ഇരിക്കുന്ന രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജിയെയുമൊക്കെയല്ലേ സമരസഖാക്കളേ തടയേണ്ടത്.

ഇവരുടെ കഞ്ഞികുടി ഒരു ദിവസമെങ്കിലും മുടക്കിയാലല്ലേ ഭരണകൂടം വിവരമറിയൂ. സാധാരണക്കാരന്റെ പട്ടിണിയും പരിവട്ടവുമറിയൂ? അധികാരവര്‍ഗത്തിന്റെ ഒരുദിവസം നിശ്ചലമാക്കാന്‍ സമരക്കാരേ, നിങ്ങള്‍ക്ക് കഴിഞ്ഞോ? പകരം രാജ്യത്തെ കോടിക്കണക്കിനാളുകളുടെ രണ്ടുദിവസം നഷ്ടപ്പെടുത്തി സമരവീര്യം തെളിയിച്ച നിങ്ങളുടെ തലയ്ക്കുള്ളില്‍ എന്നാണിനി വെളിച്ചം വീഴുക!

അധികാരസ്ഥാനത്തിരിക്കുന്നതുകൊണ്ടുമാത്രം രാജ്യത്തിന്റെ പൊതുസമ്പത്ത് തിന്നുകുടിച്ച് തടിച്ചുകൊഴുത്ത് ഭരിച്ചുമുടിച്ചിരിക്കുന്ന അധികാരവര്‍ഗത്തിന്റെ ഒരു രോമത്തെപ്പോലും സ്പര്‍ശിക്കാത്ത ഇത്തരം പണിമുടക്കുകളും സമരാഭാസങ്ങളും ആര്‍ക്കുവേണ്ടിയാണ് നടത്തുന്നത്. പതിറ്റാണ്ടുകളായി എടുത്തുപ്രയോഗിച്ചുകൊണ്ടിരിക്കുന്ന തുരുമ്പുപിടിച്ച സമരായുധങ്ങളെ ഒന്നു രാകിമിനുക്കാന്‍ പോലും മെനക്കെടാത്ത സമരസിംഹങ്ങള്‍ ഒരു കാര്യം അറിയണം, നിങ്ങള്‍ കാലഹരണപ്പെട്ടവരാണെന്നത്. നിങ്ങളുടെ നയങ്ങളും സമരങ്ങളും നിങ്ങളുടേത് മാത്രമാണ്, നിങ്ങള്‍ക്ക് വേണ്ടിമാത്രമാണ്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലിത്.

ഭരണകൂടങ്ങളുടെ അഴിമതിയുടെ അക്രമവും കൊള്ളരുതായ്മയും പോലെ തന്നെയാണ് രാജ്യത്തെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും തൊഴിലാളി സംഘടനകളുടെയും പ്രവര്‍ത്തനങ്ങളും പരിപാടികളും. ജനങ്ങള്‍ക്ക് വേണ്ടത് നിങ്ങളുടെ ഗൂഢാലോചന മേശകള്‍ക്ക് ചുറ്റും ഉരുണ്ടുകൂടുന്ന പരിഹാരനടപടികളല്ല. മറിച്ച് സാധാരണക്കാരന്റെ പ്രശ്‌നങ്ങളോടുള്ള ജൈവികവും വികാരപരവുമായ പ്രതികരണങ്ങളാണ്. ഇതിനാലാണ് അരാഷ്ട്രീയക്കാരനായ അന്നാ ഹസാരെയുടെ സത്യഗ്രഹത്തിന് സാധാരണക്കാരും ചെറുപ്പക്കാരും വീട്ടമ്മമാരും അഭ്യസ്തവിദ്യരും ഉദ്യോഗസ്ഥരും പിന്തുണ കൊടുത്തത്. ചോരയൊഴുക്കുന്ന, കത്തിച്ചുചാമ്പലാക്കുന്ന, വഴിതടയുന്ന, പട്ടിണിക്കിടുന്ന, സ്‌കൂളുകളും ഓഫീസുകളും പൂട്ടിയിടുന്ന സമരാഭാസങ്ങളെ ജനങ്ങള്‍ അവരുടെ മനസില്‍ നിന്ന് തന്നെ തൂത്തെറിഞ്ഞുതുടങ്ങിയെന്ന വസ്തുത മനസിലാക്കിയിട്ടും ഇവ കണ്ടെന്ന് നടിക്കാന്‍ ഇവര്‍ ഇനിയും കാലങ്ങളെടുക്കും.

അടുത്ത പേജില്‍

പണിമുടക്ക് വിജയിച്ചോ സഖാക്കളെ?പണിമുടക്ക് വിജയിച്ചോ സഖാക്കളെ?

English summary
Trade unions declared that the two-day strike called by them was an "unprecedented success". What you think?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X