ദില്‍സുഖ് നഗര്‍ എന്നും ലക്ഷ്യസ്ഥാനം
ആന്ധ്രയിലെ വാണിജ്യമേഖലയായ ദില്‍സുഖ്‌നഗര്‍ ഭീകരാക്രമണങ്ങളുടെ ലക്ഷ്യസ്ഥാനമായിട്ട് ഏറെക്കാലമായി. ഹിന്ദു ഭൂരിപക്ഷ മേഖലയായതിനാല്‍ 1999 മുതല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഇവിടം ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്‌ഫോടനരീതികളിലെ സാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച നടന്ന ആക്രമണത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീന് പങ്കുള്ളതായി സംശയിക്കുന്നുണ്ട്. അത് ഉറപ്പിച്ചുപറയാന്‍ ഇന്റലിജന്‍സ് തയാറായിട്ടില്ല. എന്നാല്‍, സ്‌ഫോടനം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഭീകരാക്രമണങ്ങള്‍ക്ക് പറ്റിയ സ്ഥലമായി ഹൈദരാബാദ് മാറിയിട്ട് വര്‍ഷങ്ങളായി. ഇതില്‍ ഏറെപ്പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്നത് 2007 ഓഗസ്റ്റ് 25നാണ്. അന്ന് നഗരത്തില്‍ രണ്ടിടത്തായി നടന്ന സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത് 45 പേരാണ്. 40ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്ന് ദില്‍സുഖ്‌നഗറില്‍ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കാഞ്ഞതിനാലാണ് മരണസംഖ്യ 45ലൊതുങ്ങിയത്. ലക്ഷ്യമിട്ടിരുന്ന അതേ സ്ഥലത്താണ് വ്യാഴാഴ്ച സ്‌ഫോടനം നടന്നത്.

ആദ്യസ്‌ഫോടനശേഷമുള്ള ഇടവേളയില്‍ പലരും ഓടിമാറിയതിനാലാണ് മരണസംഖ്യ കുറഞ്ഞതെന്നാണ് പ്രഥമിക വിലയിരുത്തല്‍. അന്നത്തെ സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനും അതിന്റെ കമാന്‍ഡര്‍ റിയാസ് ഭഡ്കലുമായിരുന്നു. സമാന രീതിയില്‍ വ്യാഴാഴ്ച നടന്ന സ്‌ഫോടനത്തിനുപിന്നില്‍ ഇന്ത്യന്‍ മുജാഹിദീനാണെന്ന് കരുതാന്‍ അതാണ് കാരണം. ആന്ധ്ര സംസ്ഥാന സെക്രട്ടേറിയറ്റിന് എതിര്‍വശത്തുള്ള ലുംബിനി അമ്യൂസ്‌മെന്റ് പാര്‍ക്കും ഗോകുല്‍ ചാറ്റ് ഷോപ് പരിസരവും വൈകുന്നേരങ്ങളില്‍ ജനനിബിഢമാകാറുണ്ട്. ഇവിടെ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതിനാലാണ് അന്ന് 45 പേര്‍ മരിച്ചത്.
വ്യാഴാഴ്ചത്തെ സ്‌ഫോടനശേഷം വാര്‍ത്താലേഖകരെ കണ്ട കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഇക്കാര്യത്തിലെ സംശയം മറച്ചുവെച്ചില്ല. സ്‌ഫോടനത്തിനുപിന്നില്‍ റിയാസ് ഭട്കലും ഇന്ത്യന്‍ മുജാഹിദ്ദീനുമാണെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2007ലെ സ്‌ഫോടനപരമ്പരയിലെ സാമ്യങ്ങളാണ് സംശയത്തിന് കാരണമായി അദ്ദേഹം നിരത്തിയത്.
2012 ഒക്ടോബറില്‍ പിടിയിലായ ഭീകരരില്‍നിന്ന് ലഭിച്ച മൊഴിയും ഇന്ത്യന്‍ മുജാഹിദ്ദീന്റെ പങ്കിലേക്ക് വെളിച്ചം വീശുന്നതാണ്. ഹൈദരാബാദിലെ മതവിദ്വേഷം വളര്‍ത്താന്‍ പറ്റിയ സ്ഥലങ്ങളില്‍ സ്‌ഫോടന പരമ്പര നടത്തണമെന്ന് ഭട്കല്‍ നിര്‍ദേശിച്ചതായി അന്ന് പിടിയിലായ ഇമ്‌റാന്‍, തബ്രേസ്, മഖ്ബൂല്‍ എന്നിവര്‍ ദില്ലി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ആ പട്ടികയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ദില്‍സുഖ്‌നഗര്‍.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള വിദ്വേഷമാകാം ഇപ്പോഴത്തെ സ്‌ഫോടന പരമ്പരക്ക് പിന്നിലെന്നാണ് സംശയം. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യുമെന്ന് ലഷ്‌കര്‍ മേധാവിയും ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഉപദേശകനുമായ ഹാഫിസ് സയീദ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. 1999ല്‍ ഹൈദരാബാദ് സ്‌ഫോടനത്തിന് തെരഞ്ഞെടുത്തപ്പോഴും ദില്‍സുഖ്‌നഗറിലെ ഹനുമാന്‍ കോവിലായിരുന്നു ലക്ഷ്യമിട്ടത്.
സ്‌ഫോടനത്തിനുമുമ്പേ ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കിയതിനാല്‍ അന്നാ പദ്ധതി പൊളിഞ്ഞിരുന്നു. പിന്നീട് 2002ല്‍ ദില്‍സുഖ്‌നഗറിലെ സായ്ബാബ ക്ഷേത്രത്തിന് സമീപം നടന്ന സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഹൈന്ദവ ഭൂരിപക്ഷ മേഖലയായതും വര്‍ഗീയ ലഹള ആളിപ്പടര്‍ത്താന്‍ ഏറ്റവും യോജിച്ച സ്ഥലമെന്ന ഭീകരവാദികളുടെ നിഗമനവും ആണ് ദില്‍സുഖ്‌നഗറിന്റെ ദുര്യോഗത്തിന് കാരണം.












Click it and Unblock the Notifications