ശ്രീലങ്കന്‍ പ്രശ്നം: നീലഗിരിയില്‍ പ്രതിഷേധം ശക്തം
ഗൂഡല്ലൂര്‍: ശ്രീലങ്കന്‍ വംശീയ പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ ഒട്ടാകെ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി നീലഗിരി ജില്ലയിലും പ്രക്ഷോഭം ശക്തമാകുന്നു. എല്‍ ടി ടി ഇക്കാരെ അടിച്ചമര്‍ത്തിയ ലങ്കന്‍ സേന നടത്തിയ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെയും ക്രൂരതകളെയും വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും തമിഴ് സംഘനടകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നീലഗിരിയിലെങ്ങും പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കുന്നുണ്ട്.
ശ്രീലങ്കര്‍ സൈന്യം എല്‍ ടി ടി ഇയ്ക്കെതിരെ നടത്തിയ സൈനിക നടപടിക്കിടെ സാധാരണക്കാരെയും സ്ത്രീകളെയും കുട്ടികളെയും അതിക്രൂരമായി പീഡിപ്പിച്ചുവെന്ന് വിവിധ അന്തര്‍ദേശീയ മാധ്യങ്ങളും മനുഷ്യാവകാശ സംഘടനകളും തെളിവ് സഹിതം ആരോപിച്ചിരുന്നു.
എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ പന്ത്രണ്ടുകാരനായ മകന് ബാലചന്ദ്രനെ ബന്ധിയാക്കിയശേഷം ശ്രീലങ്കന്‍ സൈന്യം വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന വാര്‍ത്ത ചിത്രങ്ങള്‍ സഹിതം പുറത്തുവന്നതോടെയാണ് തമിഴ്നാട്ടില്‍ ശ്രീലങ്കാ വിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തമായത്.
പ്രതിഷേധത്തിനിടെ ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്സയുടെ കോലം കത്തിച്ചവരെ പോലീസ് അറസ്റ്റു ചെയ്തു. സംസ്ഥാനത്താകെ പ്രക്ഷോഭം നടക്കുകയാണ്. ശ്രീലങ്കന്‍ പ്രസിഡന്റ്, സൈനികര്‍ തുടങ്ങിയവരെ ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കരുത്, ശ്രീലങ്കയിലെ തമിഴരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.