വിവാദം: ഗണേഷ് തല്‍ക്കാലം രാജിവെച്ചേയ്ക്കില്ല

കോണ്‍ഗ്രസ് ഏകോപന സമിതിയില്‍ ഇത്തരത്തിലൊരു വികാരമുയര്‍ന്നതിനാല്‍ത്തന്നെ വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തിലും ഇതേ തീരുമാനം തന്നെയേ ഉണ്ടാകാനിടയുള്ളു. മന്ത്രിയ്‌ക്കെതിരെ രേഖാമൂലം പരാതിയൊന്നും കിട്ടാത്ത സഹാചര്യത്തില്‍ എങ്ങനെയാണ് രാജിആവശ്യപ്പെടുകയെന്നചോദ്യം ഉന്നയിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിതന്നെയാണ്. മറ്റ് അംഗങ്ങളുടെയും അഭിപ്രായം ഇതുതന്നെയായിരുന്നു.
മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും ഇടപെട്ട് ഇക്കാര്യത്തില്‍ ഗണേഷിനും പി.സി. ജോര്‍ജിനും പ്രശ്‌നങ്ങളും പരാതികളുമുണ്ടാകാത്ത വിധത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നത്. വിവാദം കത്താന്‍ തുടങ്ങിയതോടെ രാജിസന്നദ്ധത അറിയിച്ച് കത്ത് നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി അത് സ്വീകരിച്ചിരുന്നില്ല. തിരക്കിട്ട് രാജിവെയ്‌ക്കേണ്ടതില്ലെന്നും വ്യാഴാഴ്ചത്തെ യുഡിഎഫ് യോഗം കൂടി കഴിഞ്ഞുമതി തീരുമാനമെന്നുമാണേ്രത മുഖ്യമന്ത്രി ഗണേഷിന് നല്‍കിയ നിര്‍ദ്ദേശം.
ഇതിനിടെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരസ്യമാക്കിക്കൊണ്ട് ഗണേഷിനെ പ്രതിസന്ധിയിലാക്കിയ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെതിരെ നടപടി വേണമെന്ന ആവശ്യം കോണ്‍ഗ്രസിലും മറ്റ് ഘടകകക്ഷികളിലും ശക്തമായിട്ടുണ്ട്. ഓരോ പ്രശ്‌നങ്ങള്‍ക്കുമിടയില്‍ മന്ത്രിമാര്‍ക്കെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തുന്ന ജോര്‍ജ്ജിന്റെ രീതി നേരത്തേ തന്നെ പലരിലും അപ്രീതിയുണ്ടാക്കിയിട്ടുണ്ട്.
വ്യക്തിജീവിതത്തിലെ ബന്ധങ്ങളുടെയും കുടുംബവഴക്കിന്റെയും പേരില്‍ ഒരു മന്ത്രിയെ രാജിവെയ്പിക്കേണ്ടതില്ലെന്ന ധാരണയാണ് നേതാക്കള്‍ക്കിടയില്‍ രൂപപ്പെട്ടത്. എന്നാല്‍ ജോര്‍ജ്ജിനെപ്പോലൊരാള്‍ വെളിപ്പെടുത്തിയ പ്രശ്‌നം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും മന്ത്രിയുടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തതോടെ ഇത് വെറും കുടുംബപ്രശ്‌നമായി മാത്രം എടുത്ത് തള്ളിക്കളയാന്‍ പറ്റാത്ത സ്ഥിതിയിലാണ് യുഡിഎഫ്.
വിവാഹേതരബന്ധത്തിന്റെ പേരില്‍ തനിക്ക് മര്‍ദ്ദനമേറ്റിട്ടില്ലെന്നും അതേസമയം ഭാര്യയുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും ഗണേഷ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടത്രേ. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചി ബുധനാഴ്ച മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ അറിയാവുന്നവര്‍ ഈ അവസരം മുതലെടുക്കാനായിട്ടാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നാണ് ഗണേഷ് ആരോപിക്കുന്നത്.
മന്ത്രി ഷിബു ബേബിജോണ്‍ ഗണേഷിനെ രാജിവെയ്പ്പിക്കുന്നതിനെതിരെ ഘടകകക്ഷി നേതാക്കളുടെ പക്കല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ആര്‍.എസ്. പി, മുസ്‌ലിംലീഗ്, സോഷ്യലിസ്റ്റ് ജനത, കേരള കോണ്‍ഗ്രസ് ജേക്കബ് തുടങ്ങിയ കക്ഷികള്‍ ഗണേഷ്‌കുമാറിനെ രാജിവെയ്പ്പിക്കുന്നതിനോട് യോജിക്കുന്നില്ല, ടി.എന്‍. പ്രതാപന്‍, വി.ടി. ബലറാം എന്നിവരടക്കമുള്ള വലിയ ഒരു നിരയില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളും ഗണേഷിനനുകൂലമായിട്ടാണ് നില്‍ക്കുന്നത്.
ഇതിനിടെ പോലീസ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മന്ത്രിമന്ദിരത്തില്‍വെച്ച് ഗണേഷ്‌കുമാറിന് മര്‍ദ്ദനമേറ്റതായി തെളിവില്ലെന്നും എന്നാല്‍ സംഭവം നടന്നുവെന്ന് പറയുന്ന ദിവസം അതില്‍ ഉള്‍പ്പെട്ടുവെന്ന് കരുതുന്ന പ്രവാസി മലയാളി തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്നുമായിരുന്നു ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications