മലപ്പുറം: മൂന്നു വയസ്സുള്ള നാടോടി ബാലികയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതി ചിറമംഗലം കാഞ്ഞിരക്കണ്ടി മുഹമ്മദ് ജാസിമിനെ(22) മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജി പി കെ ഹനീഫ മാര്‍ച്ച് 22 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സബ്ജയിലിലേക്കയച്ചു. തിരൂരില്‍ കടത്തിണ്ണയില്‍ മാതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 373 (തട്ടിക്കൊണ്ടു പോകല്‍), 376 (ബലാല്‍സംഗം), ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23, സെക്ഷന്‍ 3 , 4, ദി പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് 2012 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
പീഡനത്തിനിരയായ മൂന്ന് വയസ്സുകാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ വീട് വെച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. നാടോടി കുടുംബത്തിലെ രണ്ട് കുട്ടികളുടേയും വിദ്യാഭ്യാസച്ചെലവും സര്‍ക്കാര്‍ വഹിക്കും. കുടുംബത്തിന്റെ താല്‍പര്യപ്രകാരം വീട് തിരൂരില്‍ തന്നെ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കും. പീഡനത്തിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി ടീച്ചറും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.