ജിന്ന് വിവാദം കയ്യാങ്കളിയില്‍; പള്ളി പോലിസ് പൂട്ടി
മലപ്പുറം: പള്ളി ഖത്തീബിനെ ചൊല്ലി മുജാഹിദുകള്‍ തമ്മിലടിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഇടപെട്ട് പള്ളി പൂട്ടി. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മഞ്ചേരി ഇസ്ലാഹി കാമ്പസ് പള്ളിയില്‍ ജുമുഅ മുടങ്ങി. വെള്ളിയാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് സംഭവം. മൂന്നുവര്‍ഷമായി അബ്ദുറഹിമാന്‍ ഫാറൂഖിയായിരുന്നു പള്ളിയില്‍ ഖത്തീബായി ജോലി ചെയ്തു വന്നിരുന്നത്.
നാല്‍പ്പത്തഞ്ച് അംഗ കമ്മറ്റിയാണ് പള്ളിഭരണം നടത്തുന്നത്. ഈ അംഗങ്ങള്‍ക്കിടയില്‍ സമീപകാലത്തുണ്ടായ അഭിപ്രായഭിന്നത രൂക്ഷമായതോടെ ഒരു വിഭാഗം പള്ളി ഖത്തീബിനെ പിരിച്ചുവിട്ട് ഫൈസല്‍ മുസ്ലിയാര്‍ പുതുപ്പറമ്പിനെ ഖത്തീബായി നിയമിച്ചു. ഇതിനെതിരെ മറുവിഭാഗം രംഗത്തു വന്നതോടെ പ്രശ്‌നം കയ്യാങ്കളിയിലെത്തിയത്.
വെള്ളിയാഴ്ച ജുമുഅ സമയത്ത് പ്രശ്‌നമുണ്ടാകുമെന്ന് നേരത്തെ അറിയാമായിരുന്നു. അതിനാല്‍ രാവിലെ മഞ്ചേരി സി ഐ വി എ കൃഷ്ണദാസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നെങ്കിലും പരിഹാരം കാണാനായില്ല. തുടര്‍ന്ന് പള്ളിയിലെത്തിയ ഒരു വിഭാഗം കമ്മറ്റിയംഗങ്ങളും അനുയായികളും മിമ്പറില്‍ കയറിയ ഫൈസല്‍ മുസ്ലിയാരെ താഴെ ഇറക്കി.
ഇതോടെ പള്ളിക്കകത്ത് ബഹളവും ഉന്തും തള്ളുമുണ്ടായി. വിവരമറിഞ്ഞെത്തിയ പൊലീസ് പള്ളിക്കകത്തുള്ള എല്ലാവരെയും പുറത്താക്കി പള്ളി പൂട്ടി. ഏറെക്കാലമായി എ പി വിഭാഗം മുജാഹിദിനകത്ത് പുകഞ്ഞു കൊണ്ടിരിക്കുന്ന ജിന്ന് വിവാദമാണ് ഇന്നലെ കയ്യാങ്കളിയിലെത്തിയത്. ജുമുഅ മുടങ്ങുകയും പള്ളി പൂട്ടുകയും ചെയ്തതോടെ മുജാഹിദ് പ്രവര്‍ത്തകര്‍ ടൗണിലെ മറ്റു പള്ളികളിലെത്തി നമസ്‌കരിച്ചു.












Click it and Unblock the Notifications