സന്തോഷത്തോടെ മലാല വീണ്ടും സ്‌കൂളിലേയ്ക്ക്
ലണ്ടന്‍: താലിബാനെതിരെയുള്ള പ്രതിഷേധത്തിലൂടെയും തുടര്‍ന്നുണ്ടായ വധശ്രമത്തിലൂടെയും ലോകശ്രദ്ധ നേടിയ പാകിസ്താന്‍ വിദ്യാര്‍ഥിനി മലാല യൂസഫ്‌സായ് വീണ്ടും സ്‌കൂളില്‍. മധ്യ ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമിലുള്ള ഇഡ്ഗ്ബാസ്റ്റണ്‍ ഹൈസ്‌കൂളിലാണ് മലാല വിദ്യാഭ്യാസം തുടരുന്നത്. മാര്‍ച്ച് 20ന് ചൊവ്വാഴ്ച മുതലാണ് മലാല പഠനം പുനരാരംഭിച്ചിരിക്കുന്നത്. 2012 ഒക്ടോബറിലെ ആക്രമണത്തിന് ശേഷം ചികിത്സയും മറ്റുമായി മലാലയ സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നില്ല.
വധശ്രമത്തെത്തുടര്‍ന്ന് ചികിത്സയ്ക്കുവേണ്ടിയാണ് മലാല ബ്രിട്ടനിലെത്തിയത്. ഒട്ടേറെ ശസ്ത്രക്രിയകള്‍ക്കും ചികിത്സകള്‍ക്കുംശേഷമാണ് മലാല സുഖം പ്രാപിച്ചത്. തിരികെ സ്‌കൂളിലെത്തുകയെന്ന എന്റെ സ്വപ്‌നം സഫലമായിരിക്കുകയാണ്. വി്ദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ലോകത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും ഏറ്റവും അടിസ്ഥാനപരമായ അവസരമെങ്കിലും കിട്ടണമെന്നാണ് എന്റെ ആഗ്രഹം. പാകിസ്താനിലെ സ്‌കൂള്‍ കൂട്ടുകാരെയോര്‍ക്കുമ്പോള്‍ എനിയ്ക്ക് നഷ്ടം തോന്നുന്നുണ്ട്. പക്ഷേ പുതിയ സ്‌കൂളിലെ അധ്യാപകരെയും സഹപാഠികളെയും ഓര്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നുമുണ്ട്- മലാല പറയുന്നു.

പിങ്ക് നിറത്തിലുള്ള ബാഗും കറുത്ത ശിരോവസ്ത്രവും പച്ച സ്വെറ്ററുമെല്ലാമിട്ട് ഉത്സാഹത്തോടെ സ്‌കൂളിലേയ്ക്ക് ഒരുങ്ങിനില്‍ക്കുന്ന മലാലയുടെ ചിത്രം ലോകം മുഴുവനും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 2012 ഒക്ടോബര്‍ 9ന് നടന്ന വധശ്രമത്തില്‍ മലാലയുടെ തലയ്ക്കും കഴുത്തിനുമാണ് പരുക്കേറ്റിരുന്നത്. സ്‌കൂള്‍ വിട്ട് ബസില്‍ വീട്ടിലേയ്ക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. വധശ്രമത്തിന്റെ ഉത്തരവാദത്തം ഏറ്റെടുത്ത താലിബാന്‍ വക്താവ് മലാലയെ അശ്ലീലതയുടെ എത്രയും വേഗം അവസാനിപ്പിക്കേണ്ട പുതിയൊരധ്യായം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
പാകിസ്താനില്‍ താലിബാന്റെ ശക്തികേന്ദ്രമായ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ സ്വാത് ജില്ലയിലെ മിങ്കോറയാണ് മലാലയുടെ ജന്മദേശം.












Click it and Unblock the Notifications