കടല്‍ക്കൊല: നാവികരെ തിരിച്ചയയ്ക്കുമെന്ന് ഇറ്റലി
ദില്ലി: കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ വെള്ളിയാഴ്ച മടങ്ങിയത്തെിയേക്കുമെന്ന് സൂചന. ഇവരെ തിരിച്ചയക്കുമെന്ന് ഇറ്റലി അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നാവികരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മുന്‍തീരുമാനം പുനപരിശോധിക്കുന്നതെന്നാണ് ഇറ്റലിയുടെ വാദം. നാവികര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന കാര്യത്തിലും ഇന്ത്യയുടെ ഉറപ്പു കിട്ടിയിട്ടുണ്ട് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
'നാവികരുടെ കൂടി സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് അവരെ ഇന്ത്യയിലേക്ക് അയക്കുന്നത്. പ്രത്യേക ഉറപ്പ് ഇന്ത്യയില്‍നിന്ന് ലഭിച്ച സാഹചര്യത്തില്‍, നാവികര്‍ക്ക് ജാമ്യം നല്‍കിയപ്പോള്‍ ഇറ്റലി സുപ്രീംകോടതിക്ക് നല്‍കിയ ഉറപ്പ് പാലിക്കുകയാണ്' സര്‍ക്കാര്‍ വക്താവ് പറഞ്ഞു. മാര്‍ച്ച് 22ന് തിരിച്ചത്തെണമെന്ന വ്യവസ്ഥയിലും ഇറ്റാലിയന്‍ സ്ഥാനപതിയുടെ ജാമ്യത്തിലുമാണ് നാവികരെ നാലാഴ്ചത്തേക്ക് ഇന്ത്യ വിടാന്‍ സുപ്രീംകോടതി അനുവദിച്ചത്. ഇറ്റലിയിലെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാണ് നാവികര്‍ ജാമ്യാപേക്ഷ നല്‍കിയത്. അതുപ്രകാരം ഇന്നാണവര്‍ ഇന്ത്യയില്‍ തിരിച്ചെത്തേണ്ടത്.

നാവികരെ തിരിച്ച് ഇന്ത്യയിലേക്ക് അയക്കുന്നത് സംബന്ധിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി പ്രതിരോധമന്ത്രി ജിയാംപൗലോ ഡി പൗലോയും ജൂനിയര്‍ വിദേശമന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്റ്റ്യുറയുമായും ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. നാവികരെ തിരിച്ചയക്കാനുള്ള തീരുമാനത്തെ കഠിനം എന്നാണ് മിസ്റ്റ്യൂറ വിശേഷിപ്പിച്ചത്. നാവികരുടെ ഉത്തരവാദിത്ത ബോധത്തെയും വാക്കിന് കല്‍പിക്കുന്ന വിലയേയും അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നാണ് ഇറ്റാലിയന്‍ പ്രസിഡന്റ് ജിയോര്‍ജിയോ നപോളിറ്റാനോയുടെ പ്രതികരണം.
കടല്‍ക്കൊലക്കേസിലെ പ്രതികളായ ചീഫ് മാര്‍ഷല്‍ സര്‍ജന്റ് ലത്തോറെ മാസിമിലിയാനോ, സര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ ഇറ്റലിയില്‍ത്തന്നെ തുടരുമെന്ന് മാര്‍ച്ച് 11ന് വിദേശമന്ത്രാലയം വ്യക്തമാക്കിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. നാവികരെ തിരിച്ചത്തെിക്കുമെന്ന് ഉറപ്പുകൊടുത്ത ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിടരുതെന്ന് സുപ്രീംകോടതി ഉത്തരവിറക്കി. വിമാനത്താവളങ്ങള്‍ക്കെല്ലാം ജാഗ്രതാനിര്‍ദേശവും നല്‍കി. നാവികര്‍ തിരിച്ചെത്തേണ്ടതിന്റെ ഒരാഴ്ച മുമ്പ് അവരെ തിരിച്ചയക്കില്‌ളെന്ന പ്രസ്താവന ഇറക്കി ഇന്ത്യയുടെ നിലപാടറിയുകയും ഇക്കാര്യം ലോകശ്രദ്ധയില്‍ കൊണ്ടുവരുകയുമായിരുന്നു ഇറ്റലിയുടെ ലക്ഷ്യം. അതില്‍ അവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. യൂറോപ്യന്‍ യൂനിയന്റെ അടക്കമുള്ള പിന്തുണ അവര്‍ക്ക് ലഭിച്ചത് അതിനുള്ള തെളിവാണ്.
അതേസമയം, മറീനുകളെ തിരിച്ച് ഇന്ത്യയിലേക്ക് അയക്കേണ്ടെന്ന ഇറ്റലിയുടെ നിലപാടിനെതിരെ കടുത്ത ഭാഷയിലായിരുന്നു ഇന്ത്യയുടെ പ്രതികരണം. പ്രത്യാഘാതങ്ങള്‍ ഇറ്റലി നേരിടേണ്ടി വരുമെന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മുന്നറിയിപ്പ്. ഇറ്റലി കാണിച്ചത് കൊടുവഞ്ചനയാണെന്നായിരുന്നു യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ നിലപാട്. വാക്‌പോരിന് പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ ഇടയാക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഇറ്റലി തീരുമാനത്തില്‍നിന്ന് പിന്നാക്കം പോയതെന്നാണ് നയതന്ത്ര വിദഗ്ദരുടെയും നിയമജ്ഞരുടെയും കണക്കുകൂട്ടല്‍.
2012 ഫിബ്രവരി 15ന് നീണ്ടകര തുറമുഖത്തിനടുത്ത് ഇറ്റാലിയന്‍ കപ്പലായ എന്‍ റിക ലെക്‌സിയിലെ നാവികരുടെ വെടിയേറ്റാണ് മീന്‍പിടിത്തക്കാര്‍ മരിച്ചത്. കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍, കളിയിക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവരാണ് മരിച്ചത്.












Click it and Unblock the Notifications