അജ്ഞാതവാസം അവസാനിപ്പിച്ച് മുഷാറഫ് എത്തുന്നു
ഇസ്ലാമാബാദ്: നാലുവര്‍ഷത്തെ വിദേശ അജ്ഞാതവാസം അവസാനിപ്പിച്ച് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് ഞായറാഴ്ച പാകിസ്താനിലെത്തും. ദുബായിലെ രഹസ്യസങ്കേതത്തില്‍ താമസിച്ചുവരികയായിരുന്ന മുന്‍ പട്ടാളജനറല്‍ മെയ് 11ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് രാജ്യത്തെത്തുന്നത്.
എന്നാല്‍ അധികാരത്തിലിരിക്കുമ്പോള്‍ അമേരിക്കന്‍ ഭീകരവിരുദ്ധ പോരാട്ടത്തിന് പരിപൂര്‍ണ പിന്തുണ നല്‍കിയ മുഷാറഫിനെ നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് തീവ്രവാദസംഘടനയായ താലിബാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 2007ല്‍ താലിബാന്‍ ഭീകരര്‍ക്കെതിരേ മുഷാറഫ് കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു.

മുന്‍ പ്രസിഡന്റിനെ വധിക്കാന്‍ പ്രത്യേക ചാവേര്‍ സംഘത്തിന് രൂപം നല്‍കിയതായി താലിബാന്‍ നേതാവ് അദ്‌നാന്‍ റഷീദ് അറിയിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം അടക്കമുള്ള കേസുകളില്‍ വെള്ളിയാഴ്ച ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഈ മടക്കം.
ഓള്‍ പാര്‍ട്ടി മുസ്ലീം ലീഗിനെ അടുത്ത തിരഞ്ഞെടുപ്പില്‍ നയിക്കുകയാണ് പര്‍വേസിന്റെ ലക്ഷ്യം. 40 വര്‍ഷം സൈനിക സേവനം നടത്തിയ വ്യക്തിയാണ്. താലിബാന്‍ പോലൊരു സംഘടനയുടെ ഭീഷണിയ്ക്കു മുന്നില്‍ പിന്തിരിയില്ല-സിഎന്‍എന്‍ ഐബിഎന്നിനു നല്‍കിയ അഭിമുഖത്തില്‍ മുഷാറഫ് വ്യക്തമാക്കി.












Click it and Unblock the Notifications