വീരന്റെ പാര്‍ട്ടിയും പിളര്‍പ്പിലേക്ക്?

മുന്‍ എം എല്‍ എയും പേരുകേട്ട വീരേന്ദ്രകുമാര്‍ വിരുദ്ധനുമായ എം കെ പ്രേംനാഥിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം സോഷ്യലിസ്റ്റ് ജനത നേതാക്കള്‍ കൊച്ചിയില്‍ രഹസ്യയോഗം ചേര്‍ന്നതാണ് പാര്‍ട്ടി പിളരുന്നു എന്ന സൂചനകള്‍ പുറത്തെത്തിച്ചത്. അറുപതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു എന്നും പാര്‍ട്ടി വിടുന്നതിനെക്കുറിച്ചായിരുന്നു യോഗത്തിലെ അജണ്ട എന്നുമാണ് പുറത്തു കേള്‍ക്കുന്നത്. പുറത്തുപോകുന്നവര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കും എന്നും അതല്ല മാതൃപാര്‍ട്ടിയായ ജനതാദള്‍ സെക്കുലറിലേക്ക് തിരിച്ചുപോകുമെന്നും സൂചനയുണ്ട്.
പതിവുപോലെ പാര്‍ട്ടി നേതാവിന്റെ ഏകാധിപത്യം തന്നെയാണ് വിമതരെ ചൊടിപ്പിച്ചിരിക്കുന്നത്. വീരന്‍ മാത്രമല്ല മകന്‍ ശ്രേയാംസ് കുമാര്‍ എം എല്‍ എയും ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പാര്‍ട്ടിയില്‍ പരാതിയുണ്ട്. ഇടതുപക്ഷാഭിമുഖ്യമുള്ള പാര്‍ട്ടി യു ഡി എഫിനൊപ്പം ഭരണം പങ്കിടുന്നതിലും രണ്ടുണ്ട് അഭിപ്രായം. യു ഡി എഫിനൊപ്പം ഭരണത്തില്‍ പങ്കാളിയാകുന്നതാണ് പ്രശ്‌നമെങ്കില്‍ വിമതര്‍ ഉന്നം വെക്കുന്നത് എല്‍ ഡി എഫ് പാളയത്തില്‍ ഒരു സീറ്റാണ് എന്നതില്‍ തര്‍ക്കമില്ല.
എന്നാല്‍ വിമത യോഗം ചേര്‍ന്ന നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് ഔദ്യോഗിക വിഭാഗം നല്‍കുന്ന സൂചന. വിഷയം പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നും ഏപ്രില്‍ 3ന് നടക്കാന്‍ പോകുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ ഇവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്നാണ് പാര്‍ട്ടി സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്ജ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടി വിമതര്‍ യോഗം ചേര്‍ന്നതിനെക്കുറിച്ച് അറിയില്ലെന്നും പാര്‍ട്ടി നേതാവിനെതിരെ പരാതി ഇതാദ്യമായി അല്ലെന്നും എം വി ശ്രേയാംസ് കുമാര്‍ എം എല്‍ എ പ്രതികരിച്ചു.












Click it and Unblock the Notifications