ഗര്‍ഭിണിയായ യുവതിയെ വെട്ടിക്കൊന്നു
തിരുനെല്‍വേലി: ഗര്‍ഭിണിയായ യുവതിയെ കാമുകന്‍ അരിവാളുകൊണ്ട് വെട്ടിക്കൊന്നു. നങ്കുനേരിയ്ക്കടുത്തുള്ള മൂലൈകാരപ്പട്ടിയിലുള്ള ബാലകൃഷ്ണന്റെ മകള്‍ തങ്കരേവതി(24)ആണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ശിവന്തിപ്പട്ടിയ്ക്കടുത്തുള്ള ആലങ്കുളത്തെ അറുമുഖന്റെ മകന്‍ മാടസ്വാമി(26)യെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാളയം കോട്ടയിലെ എംജി നഗറിലുള്ള കല്ലുറാണി എന്ന വിജനമായ പ്രദേശത്തേക്ക് യുവതിയെയും കൂട്ടിയെത്തിയ മാടസ്വാമി നിഷ്‌കരുണം ആക്രമണം തുടങ്ങുകയായിരുന്നു. അരിവാള്‍ കൊണ്ട് തുരുതുരെ വെട്ടേറ്റ യുവതി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൃതദേഹം അവിടെ തന്നെ കുഴിച്ചിട്ടതിനുശേഷം ഇയാള്‍ പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. പോലിസ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് യുവതി ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു.
തങ്കരേവതിയും മാടസ്വാമിയും തമ്മില്‍ സ്‌നേഹത്തിലായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് ബന്ധം പുറത്തറിഞ്ഞത്. വ്യത്യസ്ത വിഭാഗത്തില്‍ രണ്ടു പേരും വിവാഹം കഴിയ്ക്കുന്നതിനെ കുടുംബാംഗങ്ങള്‍ എതിര്‍ത്തു. വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി ശിവന്തിപ്പട്ടിയിലെ ഒരു ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്.
യുവാവിന്റെ മൊഴിയനുസരിച്ച് കൊലപാതകം നടന്നുവെന്ന് പറഞ്ഞ സ്ഥലത്ത് മൃതദേഹം കണ്ടെത്തുന്നതിനായി പോലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications