ലങ്കയില്‍ തമിഴര്‍ക്ക് പ്രത്യേകരാജ്യം വേണം: ജയലളിത
ചെന്നൈ: ശ്രീലങ്കയിലെ തമിഴര്‍ക്ക് മാത്രമായി പ്രത്യേക രാജ്യം വേണോ എന്ന കാര്യത്തില്‍ ഹിത പരിശോധന നടത്തണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ശ്രീലങ്കയെ ശത്രുരാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയവും തമിഴ്‌നാട് നിയമസഭയില്‍ പാസാക്കി. പ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കവേയാണ് ജയലളിത വിവാദമായ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചത്. ശ്രീലങ്കയിലെ തമിഴര്‍ക്കിടയില്‍ ഇത് സംബന്ധിച്ച് ഹിതപരിശോധന നടത്തണം - ജയ ആവശ്യപ്പെട്ടു.
ശ്രീലങ്കയ്‌ക്കെതിരായ പൊതുവികാരം എങ്ങനെ മുതലെടുക്കാമെന്ന് തമിഴ്‌നാട്ടിലെ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും തല പുകഞ്ഞ് ആലോചിക്കുന്നതിനിടെയാണ് പുരൈട്ചി തലൈവിയുടെ നീക്കം എന്നത് ശ്രദ്ധേയമാണ്. ശ്രീലങ്കയിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലുമുള്ള തമിഴരെ മൊത്തം ഈ ഹിതപരിശോധനയുടെ ഭാഗമാക്കണം. ഐക്യരാഷ്ട്രസഭ രക്ഷാകൗണ്‍സില്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ജയലളിത പറഞ്ഞു. തമിഴര്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതു വരെ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നും ജയലളിത ആവശ്യപ്പെട്ടു.

ശ്രീലങ്കയിലെ തമിഴരോട് കേന്ദ്രസര്‍ക്കാര്‍ നീതി കാണിക്കുന്നില്ല എന്നാരോപിച്ച് ഡി എം കെ യു പി എ മുന്നണി വിട്ടത് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണെന്ന് ജയലളിത കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഡി എം കെയ്ക്ക ഇക്കാര്യത്തില്‍ മൈലേജ് ലഭിക്കരുതെന്ന് ഭരണകക്ഷിയായ എ ഐ എ ഡി എം കെയ്ക്ക് നിര്‍ബന്ധമുണ്ട്. ഇതിന് വേണ്ടിയാണ് ശ്രീലങ്കന്‍ കളിക്കാരെ ഐ പി എല്‍ ചെന്നൈയില്‍ കളിക്കാന്‍ സമ്മതിക്കില്ലെന്ന് ജയലളിത നിര്‍ബന്ധം പിടിക്കുന്നതെന്നും കരുതുന്നവരുണ്ട്.
ജയലളിതയുടെ ആവശ്യം പരിഗണിച്ച് ചെന്നൈയില്‍ കളിക്കുന്നതില്‍ നിന്നും ശ്രീലങ്കന്‍ കളിക്കാരെ വിലക്കിയിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ നടന്നുവരുന്ന പ്രതിഷേധങ്ങളെ ജയലളിത അഭിവാദ്യം ചെയ്തു. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് നിങ്ങളുടെ വികാരം സര്‍ക്കാരിന്റെ മനസ്സിലുണ്ട്, നമ്മളുടെ ആവശ്യങ്ങള്‍ ഉടനേ പരിഗണിക്കപ്പെടും എന്നും ജയലളിത പറഞ്ഞു.












Click it and Unblock the Notifications