വിവാഹത്തിന്റെ കാര്യത്തില്‍ ടെക്കികള്‍ പരാജയം

ചെന്നൈ പൊലീസ് സ്റ്റേഷനില്‍ സ്‌പെഷ്യല്‍ സെല്ലില്‍ വിവാഹ കൗണ്‍സിലിങിനായി എത്തുന്നവരില്‍ നല്ലൊരു വിഭാഗം പേരും സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍മാരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ത്തന്നെ പലബന്ധങ്ങളും വിവാഹമോചനത്തില്‍ അവസാനിയ്ക്കുകയും ചെയ്യുന്നു. 2012ല്‍ 108 ഇത്തരം പരാതികളാണ് ചെന്നൈ പൊലിസിന്റെ മുന്നിലെത്തിയത്.
ഇതില്‍ 52 പേരും കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാരാണ്. പല കേസുകളിലും ഭാര്യയും ഭര്‍ത്താവും ഒരേതരത്തിലുള്ള ജോലി ചെയ്യുന്നവരുമാണ്. അവരുമായി സംസാരിച്ച് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുകയെന്നത് തന്നെ വളരെ വിഷമകരമാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പല ബന്ധങ്ങളും പരിഹരിക്കാനാവാത്ത തരത്തിലുള്ള പ്രശ്‌നങ്ങളില്‍ അകപ്പെട്ടുപോയവും പരസ്പരം സഹകരിക്കാനാവാത്തത്ര അകന്നുപോയവരുമാണ് എന്നും കൗണ്‍സിലിങ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചെന്നൈ കുടുംബകോടതിയിലും പൊലീസ് സ്റ്റേഷനുകളിലുമായി ഫയല്‍ ചെയ്യപ്പെട്ട വൈവാഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഏറിയ കൂറും കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ് രംഗത്തുനിന്നുള്ളവരുടേതാണ്. മൊത്തത്തിലുള്ള വിവാഹമോചനങ്ങളുടെ എണ്ണവും പത്തുവര്‍ഷത്തിനിടയില്‍ കൂടിയിട്ടുണ്ടെന്ന് അഭിഭാഷകര്‍ പറയുന്നു. 2010ല്‍ ചെന്നൈയിലെ നാല് കുടുംബകോടതികിളില്‍ 3803 വിവാഹമോചന ഹര്‍ജികളാണ് ഫയല്‍ ചെയ്യപ്പെട്ടത്. 2011ല്‍ ഇത് 3742 ആയിരുന്നു.
കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ദമ്പതിമാര്‍ക്കിടയിലെ പ്രധാന പ്രശ്‌നം ഈഗോയാണെന്നും ഇതിന് പ്രധാന കാരണമായി മാറുന്നത് രണ്ടുപേരുടെ വരുമാനത്തിലെ വ്യത്യാസങ്ങളാണെന്നും ഹൈക്കോടതി അഭിഭാഷകരായ ഷീല ഭണ്ഡാരി പറയുന്നു.
പല പ്രമുഖ കൗണ്‍സിലിങ് വിദഗ്ധരും ഇതേ കാര്യം തന്നെയാണ് പറയുന്നത്. മറ്റു മേഖലകളില്‍ ജോലിചെയ്യുന്ന ദമ്പതിമാരെ വിവാഹമോചനമെന്ന തീരുമാനത്തില്‍ നിന്നും മാറ്റാന്‍ പലപ്പോഴും കഴിയാറുണ്ടെന്നും കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് രംഗത്തുനിന്നുള്ളവരെ ഇത്തരത്തില്‍ മനം മാറ്റത്തിലേയ്ക്ക് നയിയ്ക്കുക വിഷമകരമാണെന്നുമാണ് എല്ലാവരും ഒരുപോലെ പറയുന്നത്.
പല ബന്ധങ്ങളും വിവാഹേതര ബന്ധങ്ങള്‍ കാരണമാണ് തകരുന്നതെന്നും, പുതിയൊരു വ്യക്തിയെ കാണുന്നതോടെ യാതൊരു മടിയും കൂടാതെ പങ്കാളിയെ ഉപേക്ഷിയ്ക്കുന്ന രീതി കൂടിവരുകയാണെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒരു യുവാവ് പുതിയ പെണ്‍കുട്ടിയെ കണ്ടുമുട്ടിയപ്പോള്‍ ഭാര്യയെ ഒഴിവാക്കാനായി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ യുവാവിന്റെ മാതാപിതാക്കള്‍ പുത്രഭാര്യയ്‌ക്കൊപ്പം ഉറച്ചുനിന്ന തരത്തിലുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഷീല ഭണ്ഡാരി പറയുന്നു. വിവാഹത്തിന് മുമ്പ് കുടുംബവുമായി ബന്ധപ്പെട്ട മൂല്യങ്ങളെക്കുറിച്ച് വരനും വധുവും കൂടുതല്‍ മനസിലാക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു പരിധിവരെ സഹായകമാകുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നു.












Click it and Unblock the Notifications