ജയ്പൂര്‍: സ്വന്തം സഹോദരിയെ എങ്ങാനും ഒരാള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചാല്‍ ഒരു യുവാവ് എന്തുചെയ്യണം. പറ്റുമെങ്കില്‍ തല്ലിക്കൊല്ലണം എന്ന് പറയുന്നവരും ഉണ്ട് നാട്ടില്‍. ഇതുപോലെ ഒരു സംഭവമാണ് രാജസ്ഥാനിലെ ജയ്പൂരില്‍ നടന്നത്. സ്വന്തം സഹോദരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ യുവാവ് തല്ലിക്കൊന്നു. ശങ്കര്‍ലാല്‍ എന്ന ആളാണ് കൊല്ലപ്പെട്ടത്. ശ്യാംലാല്‍ എന്നാണ് പെണ്‍കുട്ടിയുടെ ആങ്ങളയുടെ പേര്.
ഒരാഴ്ച മുന്‍പാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് രണ്ട് ദിവസം നിരവധി തവണ ഇയാള്‍ പീഡിപ്പിച്ചു. പിന്നീട് പോലീസിന്റെ കയ്യില്‍പ്പെടാതിരിക്കാനായി ഇയാള്‍ ഒളിവില്‍ പോയി. എന്നാല്‍ ശങ്കര്‍ലാലിനെ പെണ്‍കുട്ടിയുടെ സഹോദരന്‍ കണ്ടുപിടിക്കുകയും തട്ടിക്കൊണ്ടുപോയി വകവരുത്തുകയുമായിരുന്നു.
ശങ്കര്‍ലാലിന് വേണ്ടി പോലീസ് തെരച്ചില്‍ തുടരുന്നതിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ട വിവരം പോലീസ് അറിയുന്നത്. ശ്യാംലാലിനെ കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.