സ്വര്‍ഗ്ഗം ലഭിയ്ക്കുമെന്ന് സരബ്ജിത്തിന്റെ ഘാതകര്‍
ഇസ്ലാമബാദ്: കൊല്ലപ്പെട്ട ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത് സിങ്ങിന്റെ കൊലയാളികള്‍ തങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ വിശേഷ സ്ഥാനം ലഭിയ്ക്കുമെന്ന വിശ്വാസത്തില്‍. ലാഹോറിലെ കോട് ലഘ്പത് ജയിലില്‍ സരബ്ജിത് സിങിനെ ആക്രമിച്ച് മൃതപ്രായനാക്കിയവരാണ് ദുഷ്ടശക്തിയെ നശിപ്പിച്ചതിനാല്‍ തങ്ങള്‍ക്ക് മരണശേഷം സ്വര്‍ഗ്ഗത്തില്‍ വളരെ സുരക്ഷിതമായ സ്ഥാനം ലഭിയ്ക്കുമെന്ന വിശ്വാസവുമായി കഴിയുന്നത്.
സരബ്ജിത് സിങ് ഒരു പാപസാന്നിധ്യമായിരുന്നു. അയാളെ ഇല്ലാതാക്കിയത് പുണ്യപ്രവൃത്തിയാണ്, അതിനാല്‍ത്തന്നെ സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്ക് ഇടം ലഭിയ്ക്കും. മാത്രമല്ല സരബ്ജിത് സിങ് നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ വാര്‍ത്തയറിഞ്ഞ് ശാന്തിലഭിച്ചിട്ടുണ്ടാകും- സരബ്ജിത്തിനെ ആക്രമിച്ചവരില്‍ ഒരാളായ അമര്‍ തംബയ്‌വാല അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ വാക്കുകളാണിത്. മറ്റൊരു കൊലയാളിയായ മുദസ്സര്‍ പറയുന്നത് ഇങ്ങനെ- സരബ്ജിതിനെ വധിയ്ക്കാന്‍ കഴിഞ്ഞത് പുണ്യപ്രവൃത്തിയാണെന്നാണ് ഞങ്ങള്‍ കരുതുന്നത്.
അക്രമി സംഘത്തിലെ മറ്റൊരംഗമായ അമറും സരബ്ജിത്തിന് എങ്ങനെയാണ് ബോബം വച്ച് ആളെക്കൊല്ലാന്‍ തോന്നിയത്, അയാളെ വധിച്ചതില്‍ എനിയ്ക്ക് അഭിമാനമാണ്- എന്നാണ്.
ഞങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല, ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ മരണത്തിന്റെ നിഴലിലാണ്. അതുകൊണ്ടാണ് ബോംബ് വച്ചതിന് അയാളോട് പകരം വീട്ടാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. പാക് സര്‍ക്കാര്‍ അയാളെ വിട്ടയയ്ക്കുമോയെന്ന് ഞങ്ങള്‍ സംശിയിച്ചിരുന്നു- മദസ്സര്‍ പറഞ്ഞു
സരബ്ജിത് സിങ് ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണോദ്യോഗസ്ഥന്‍ ചൗധരി റഹ്മത്ത് അലിയോടാണ് ചോദ്യം ചെയ്യലിനിടയില്‍ കൊലയാളികള്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
അമര്‍, മുദസ്സര്‍ എന്നിവര്‍ റാവല്‍പ്പിണ്ടിയില്‍ മാലിക് ഷൗക്കത്ത് എന്നയാളുടെ വധവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടവരാണ്. ഇപ്പോള്‍ സരബ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിലും ഇവര്‍ക്കെതിരെ പുതിയ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സരബ്ജിത്തിനെ ആക്രമിക്കാന്‍ ജയിലിന് പുറത്തുനിന്നും എന്തെങ്കിലും സഹായം ലഭിച്ചതായി ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും തെളിവ് ലഭിച്ചിട്ടില്ല.
സഹതടവുകാരുടെ ആക്രമണത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സരബ്ജിത് ഒരാഴ്ചക്കാലം കോമയില്‍ കഴിഞ്ഞശേഷം ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് മരിച്ചത്.












Click it and Unblock the Notifications