കൊതുക് കടിച്ചാല്‍ ടോള്‍ ഫ്രീയിലേക്ക് വിളിക്കൂ

തലസ്ഥാന നഗരിയിലുള്‍പ്പടെ പിടിമുറുക്കിയ ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങള്‍ ആരോഗ്യ വകുപ്പിനെ ഭയപ്പെടുത്തിയ അവസ്ഥയിലാണ്. ഇക്കുറിയും മുറതെറ്റാതെ സര്‍ക്കാര്‍ പകര്‍ച്ചവ്യാധിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. ഡ്രൈ ഡേ ആചരിക്കലും കൊതുക് നശീകരണത്തിന് മരുന്ന് തളിക്കുന്നതിനുമൊപ്പം ഇക്കുറി ഒരു ടോള്‍ ഫ്രീ നമ്പറും സര്‍ക്കാര്‍ ഒരുക്കി കഴിഞ്ഞു.
പകര്‍ച്ചവ്യാധി പടര്‍ന്നാല്‍ വിവരം അറിയിക്കുന്നതിനു വേണ്ടിയാണ് ഈ ടോള്‍ ഫ്രീ നമ്പര്‍ സൗകര്യം. മഴക്കാല രോഗങ്ങള്‍ പിടിപ്പെട്ടു കഴിഞ്ഞാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ വാര്‍ഡുകള്‍ തുറന്ന് ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാറുണ്ട്. അപ്പോഴും പകര്‍ച്ചവ്യാധി പിടിച്ചു കഴിഞ്ഞാലുള്ള കാര്യത്തെ കുറിച്ചു മാത്രമെ സര്‍ക്കാര്‍ ചിന്തിക്കുന്നുള്ളൂ എന്നതണ് സത്യം. മന്ത്രിമാരുടെയും കലക്ടറുടെയും നഗരസഭാ അധികൃതരുടെയും നേതൃത്വത്തില്‍ വരുന്ന മൂന്നാഴ്ച്ച സര്‍ക്കാര്‍ ഡ്രൈ ഡേ ആചരിക്കുകയാണ്.
തലസ്ഥാന നഗരമായ തിരുവന്തപുരത്ത് മാലിന്യ നിര്‍മാര്‍ജനം മുടങ്ങിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. വിളപ്പില്‍ശാലയിലും ബ്രഹ്മപുരത്തും ഞെളിയന്‍ പറമ്പിലുമെല്ലാം എത്തുമ്പോള്‍ ഈ സര്‍ക്കാര്‍ കണ്ണു പൊത്തുകയാണോ. കഴിഞ്ഞയാഴ്ച്ചയാണ് കോടതി കക്കൂസ് മാലിന്യസംസ്‌കരണത്തിനു പോലും ശരിയായ സംവിധാനമൊരുക്കാത്ത സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചത്.
ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വര്‍ഷത്തിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുന്നതും വല്ലപ്പോഴും കൊതുക് നശീകരണത്തിന് മരുന്നു തളിക്കുന്നതും ടോള്‍ ഫ്രീ നമ്പറും ഒരുക്കുന്നതിന് മുമ്പ് കണ്‍മുന്നിലുള്ള മാലിന്യം എടുത്ത് മാറ്റിയാല്‍ തന്നെ മഴക്കാല രോഗങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് രക്ഷനേടാം.












Click it and Unblock the Notifications