ആണ്‍വേശ്യകളെ വേണമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ്
അഹമ്മദാബാദ്: സൗന്ദര്യമുള്ള പുരുഷന്മാര്‍ക്ക് വിദ്യാഭ്യാസമില്ലെങ്കിലും മികച്ച ജോലി ലഭ്യമാക്കാമെന്ന വാഗ്ദാനവുമായി എത്തുന്ന ഇമെയിലുകള്‍ കെണിയൊരുക്കുന്നു. ഇന്റര്‍നെറ്റിലൂടെയുള്ള തട്ടിപ്പിന്റെ പുതിയ മുഖമാണ് ആണ്‍വേശ്യകളെ അന്വേഷിച്ചുകൊണ്ടുള്ള ഇമെയിലുകള്‍. അഹമദാബാദ് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയാണ്.
ബിരുദധാരിയായ യുവാവാണ് തട്ടിപ്പില്‍ അകപ്പെട്ടുവെന്ന് മനസ്സിലാക്കിയതിന് പിന്നാലെ പൊലീസിനെ സമീപിച്ചത്. മാസത്തില്‍ അമ്പതിനായിരം രൂപ ശംബളം, സമൂഹത്തിലെ ഉന്നതരുമായി ഇടപെടാന്‍ അവസരം തുടങ്ങിയ മോഹനവാഗ്ദാനങ്ങളാണ് മെയിലിലുള്ളത്. ആകെക്കൂടി പറയുന്ന നിബന്ധനയാകട്ടെ ഉദ്യോഗാര്‍ത്ഥി സുന്ദര ശരീരമുള്ള പുരുഷനായിരിക്കണം, മാത്രവുമല്ല രജിസ്‌ട്രേഷനുവേണ്ടി ഒരു അയ്യായിരം രൂപ നല്‍കിയിരിക്കുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഇടുകയും വേണം.

ചെറിയ സ്വകാര്യ സ്ഥാപനത്തില്‍ അയ്യായിരം രൂപ മാസവേതനത്തിന് ജോലിചെയ്യുന്ന യുവാവ് ഇത്തരമൊരു വാഗ്ദാനത്തില്‍ വീണുപോയതില്‍ അതിശയിക്കാനില്ല. മെയിലില്‍പ്പറഞ്ഞ കാര്യങ്ങള്‍ വച്ച് യുവാവ് അപേക്ഷ അയച്ചു, രജിസ്റ്റര്‍ ചെയ്യാനായി അയ്യായിരം രൂപയും അക്കൗണ്ടിലേയ്ക്ക് മാറ്റി. പിന്നീട് രണ്ടോ മൂന്നോ മെയിലുകളയച്ചിട്ടും മറുഭാഗത്തുനിന്നും പ്രതികരണം ഇല്ലാതായതോടെയാണ് യുവാവ് താന്‍ വഞ്ചിക്കപ്പെട്ടകാര്യം അറിയുന്നത്.
രണ്ടാമത്തെ മെയിലിന് ശേഷമാണ് താന്‍ തട്ടിപ്പിനിരയായ കാര്യം യുവാവ് തിരിച്ചറിയുന്നത്. നൈജീരിയന്‍ തട്ടിപ്പിന്റെ രീതിയിലാണ് ഇത് ആസൂത്രണം ചെയ്യുന്നത്. രണ്ടാമത്തെവട്ടം സംശയം തോന്നിയില്ലായിരുന്നുവെങ്കില്‍ യുവാവിന് പതിനായിരം രൂപ നഷ്ടംവന്നേനെ. ഇയാളുടെ പരാതിപ്രകാരം പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ട് പരിശോധിയ്ക്കുന്നുണ്ടെന്നും മെയിലുകള്‍ വന്ന വിലാസം നിരീക്ഷിയ്ക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications