വിവാഹദിവസം വരനെതിരെ വധുവിന്റെ സ്ത്രീധനക്കേസ്

നിശ്ചയിച്ച വിവാഹം കലങ്ങിയെങ്കിലും പ്രമീളയുടെ മകള്‍ ഇരുപത്തിമൂന്നുകാരി അങ്കിത തളര്‍ന്നില്ല, അവര്‍ വിവാഹം നിശ്ചയിച്ച അതേ ദിവസം വിവാഹവേഷത്തില്‍ വട്‌വ പൊലീസ് സ്റ്റേഷിലെത്തി ഹിമ്മത്‌നഗര്‍ നിവാസിയായ വരനും കുടുംബത്തിനുമെതിരെ സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് കാണിച്ച് പരാതി നല്‍കി. വരന്‍ പരേഷ് പട്ടേല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പലരീതിയിലും തന്റെ കുടുംബത്തില്‍ നിന്നും 3ലക്ഷം രൂപവരെ കൈക്കലാക്കിയിട്ടുണ്ടെന്നും അങ്കിതയുടെ പരാതിയില്‍ പറയുന്നുണ്ട്.
രണ്ട് വര്‍ഷം മുമ്പാണത്രേ അങ്കിതയുടെയും പരേഷിന്റെയും വിവാഹം നിശ്ചയിച്ചത്. അങ്കിതയുടെ പിതാവ് മരിച്ചശേഷം അമ്മ പ്രമീളയാണ് തയ്യല്‍ ജോലി ചെയ്ത് മൂന്ന് പെണ്‍കുട്ടികളുള്‍പ്പെടുന്ന കുടുംബം നോക്കി നടത്തുന്നത്. മൂത്ത മകളായ അങ്കിത ബിരുദധാരിയാണ്.
വിവാഹനിശ്ചയത്തിന് പിന്നാലെ വീട് വെയ്ക്കാനെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞാണത്രേ പരേഷ് അങ്കിതയുടെ അമ്മയില്‍ നിന്നും പലപ്പോഴായി 3ലക്ഷം രൂപ വാങ്ങിച്ചത്. ഇതിന്‌ശേഷമാണ് വിവാഹദിവസം അവര്‍ 5ലക്ഷം കൂടി നല്‍കണമന്ന് ആവശ്യപ്പെട്ടത്. മകള്‍ക്ക് ഒരു നല്ല ജീവിതമുണ്ടാകട്ടെയെന്ന് കരുതിയാണ് തന്റെ അമ്മ പരേഷ് ചോദിച്ചപ്പോഴെല്ലാം പണം നല്‍കാന്‍ തയ്യാറായതെന്ന് അങ്കിത പറയുന്നു.
വിവാഹദിവസം കാലത്ത് എട്ടുമണിയോടെ പരേഷിന്റെ മാതാവ് പ്രമീളയെ ഫോണില്‍ വിളിച്ചാണ് അഞ്ച് ലക്ഷം കൂടി നല്‍കിയാല്‍ മാത്രമേ വിവാഹം നടക്കുകയുള്ളുവെന്ന് അറിയിച്ചത്. വിവാഹസമയത്ത് പണം നല്‍കണമെന്ന് അവര്‍ നിബന്ധന വെയ്ക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ അങ്കിത ബന്ധുക്കളോട് വിവാഹം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയും വിവാഹത്തിനായി അണിഞ്ഞ വേഷഭൂഷകളോടെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയുമായിരുന്നു. പരാതിയിന്മേല്‍ പൊലീസ് നടപടി പുരോഗമിയ്ക്കുകയാണ്.












Click it and Unblock the Notifications