ഒത്തുകളിയില്‍ ചെന്നൈ കിംഗ്‌സിന്റെ മൂന്ന് താരങ്ങളും
മുംബൈ: ഐ പി എല്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച ഒത്തുകളിയുടെ കണ്ണികള്‍ ഗ്ലാമര്‍ ടീമുകളിലൊന്നായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ചുറ്റിപ്പറ്റിയും. സീനിയര്‍ താരമടക്കം മൂന്ന സൂപ്പര്‍ കിംഗ്‌സ് കളിക്കാരുമായി തനിക്ക് ബന്ധമുണ്ടെന്ന് പോലീസിന്റെ പിടിയിലായ ബോളിവുഡ് താരം വിന്‍ധു ധാരാസിംഗ് മൊഴി നല്‍കി. എന്നാല്‍ ആരൊക്കെയാണ് ഈ കളിക്കാര്‍ എന്ന് പോലീസ് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സി ഇ ഒയും ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവുമായ ഗുരുനാഥ് മെയ്യപ്പന്‍ 2011 മുതല്‍ വാതുവെപ്പ് സംഘങ്ങളുമായി ബന്ധപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പത്ത് ലക്ഷം മുതല്‍ ഒരുകോടി രൂപ വരെയാണ് മെയ്യപ്പന്‍ ഓരോ കളിക്കും വാതുവെച്ചിരുന്നത് എന്നാണ് വിവരം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മൂന്ന് മത്സരങ്ങളിലെങ്കിലും മെയ്യപ്പന്‍ ഇത്തവണ ഒത്തുകളിച്ചു എന്നാണ് കരുതുന്നത്.

വിന്‍ധു ധാരാസിംഗിന്റെ മൊഴിയുടെയും ഫോണ്‍കോളുകളുടെയും അടിസ്ഥാനത്തില്‍ മെയ്യപ്പനെ ചോദ്യം ചെയ്യാനായി പോലീസ് ചെന്നൈയില്‍ എത്തിയിരുന്നു. എന്നാല്‍ പോലീസ് സംഘത്തിന് മെയ്യപ്പനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ പോലീസ് മെയ്യപ്പനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുരുനാഥ് മെയ്യപ്പന് പുറമേ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയെയും പോലീസ് ഒത്തുകളികേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്‌തേക്കും എന്നാണ് സൂചനകള്‍. മലയാളി താരം എസ് ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് കളിക്കാരും പന്ത്രണ്ടോളം ഇടനിലക്കാരും വാതുവെപ്പുകാരും ഇതേവരെ പോലീസിന്റെ പിടിയിലായിട്ടുണ്ട്.












Click it and Unblock the Notifications